കുവൈറ്റ് സിറ്റി: വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടപടികള്‍ കര്‍ക്കശമാക്കാനുള്ള തീരുമാനവുമായി കുവൈറ്റ്. വ്യാജ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ കിംവതന്തികള്‍ പ്രചരിപ്പിക്കുകയും ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും രാജ്യത്ത് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഇവയ്ക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ അധികൃതര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്ന് അല്‍ ഖബസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ജനങ്ങള്‍ക്കിടയില്‍ തെറ്റായതും തെറ്റിദ്ധാരണ പരത്തുന്നതുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ഭരണകൂടത്തിനും ജുഡീഷ്യറിക്കും എതിരേ വികാരം സൃഷ്ടിക്കുകയും ചെയ്യുന്ന നിരവധി വ്യാജ അക്കൗണ്ടുകളെ നിരീക്ഷിക്കാനും അവയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുമുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ നല്‍കിയിരിക്കുന്നത്. സംശയാസ്പദമായ അക്കൗണ്ടുകള്‍ക്കു പിന്നിലുള്ള ഗൂഢ ശക്തികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഭരണകൂടം. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റ്, സെന്‍ട്രല്‍ ഏജന്‍സി ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി,
കമ്മ്യൂണിക്കേഷന്‍സ് അതോറിറ്റി എന്നിവയ്ക്കിടയിലുള്ള ഏജന്‍സികള്‍ സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നത്. വ്യാജ വാര്‍ത്തകളുടെയും പ്രചാണങ്ങളുടെയും ഉറവിടം കണ്ടെത്തുകയും അവ തടയുകയുമാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, അഭിപ്രായ പ്രകടനത്തിനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിച്ചു കൊണ്ടാവും വ്യാജ അക്കൗണ്ടുകള്‍ക്കെതിരായ നടപടികളെന്നും അധികൃതര്‍ അറിയിച്ചു.
വ്യക്തികളുടെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കുകയും തട്ടിപ്പുകളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുകയും രാജ്യ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ വിദ്വേഷം പടര്‍ത്തുന്നവര്‍ക്കെതിരേ സൈബര്‍ ക്രൈം നിയമങ്ങള്‍ ഉള്‍പ്പെടെ പ്രയോഗിക്കാനും എന്തു വിലകൊടുത്തും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയാനും ഭരണകൂടം നിര്‍ദ്ദേശം നല്‍കിയതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. അതേപോലെ, രാജ്യ താത്പര്യങ്ങളെ അപകടപ്പെടുത്തുകയും ഭരണകൂടത്തെയും നിയമ സംവിധാനത്തെയും
അപകീര്‍ത്തിപ്പെടുത്തുന്നതുമായി ഹാഷ്ടാഗ് ക്യാംപിയിനുകളും നിരീക്ഷിക്കും. അവയുടെ ബ്രോഡ്കാസ്റ്റിഗ് സൈറ്റുകള്‍ കണ്ടെത്തി നിരീക്ഷിക്കുന്നതിനും സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തും.
കിംവതന്തികളില് നിന്ന് ജനങ്ങളെ സംരക്ഷിക്കാനും അവരില്‍ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം തടയുന്നതിനുമായി എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും ഔദ്യോഗിക വക്താക്കളുടെ പങ്കാളിത്തം ശക്തിപ്പെടുത്തണം. സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍ സെന്ററിനെ മാത്രം ആശ്രയിക്കാതെ തെറ്റിദ്ധാരണകള്‍ നീക്കുന്നതില്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അധകൃതര്‍ വ്യക്തമാക്കി. വ്യാജ അക്കൗണ്ടുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തുന്നവരെ ശക്തമായ നിമയ നടപടികള്‍ക്ക് വിധേയരാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഇവരെ രാജ്യദ്രോഹപരമായ പ്രവര്‍ത്തനളുടെ പേരില്‍ പ്രോസിക്യൂട്ട് ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴിയും വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ വഴിയുമാണ് രാജ്യത്തിനെതിരെ ശക്തമായ ക്യാംപയിന് സംഘടിപ്പിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. വാട്ട്സാപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്മാരെയും ശിക്ഷാ നടപടികളുടെ ഭാഗമാക്കും.
രാജ്യത്ത് സ്വദേശികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരേ ഈയിടെ വധശിക്ഷ നടപ്പിലാക്കിയ കോടതിയുടെയും സര്‍ക്കാരിന്റെയും നടപടികക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. യൂറോപ്യന്‍ യൂനിയനും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും കുവൈറ്റിനെതിരെ ശക്തമായി രംഗത്തുവരികയും ചെയ്തിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയും രാജ്യത്ത് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുകയും ചെയ്യുന്ന ഗൂഢ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കുവൈറ്റ് ഭരണകൂടത്തിന്റെ കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ നിരീക്ഷണവും നടപടികളും കര്‍ക്കശമാക്കാന്‍ കുവൈറ്റ് ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.