റിയാദ്: സഊദിയിൽ രണ്ട് പ്രകൃതി വാതക പാടങ്ങൾ കൂടി കണ്ടെത്തിയതായി സഊദി ഊർജ്ജമന്ത്രി വെളിപ്പെടുത്തി. കിഴക്കൻ സഊദിയിലാണ് പുതിയ രണ്ട് വാതകപാടങ്ങൾ കണ്ടെത്തിയത്. സഊദി അറേബ്യൻ ഓയിൽ കമ്പനി സഊദി അരാംകോയുടെ മേൽനോട്ടത്തിൽ നടത്തിയ പര്യവേഷണത്തിലാണ് പുതിയ കേന്ദ്രങ്ങൾ കണ്ടെത്തിയത്.
വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കിഴക്കൻ മേഖലയിൽ പാരമ്പര്യേതര പ്രകൃതി വാതകത്തിന്റെ രണ്ട് പ്രകൃതി പാടങ്ങൾ കണ്ടെത്താൻ കഴിഞ്ഞതായി ഊർജ്ജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ പറഞ്ഞു. ഘവാർ ഫീൽഡിന്റെ തെക്കുപടിഞ്ഞാറ്, ഹുഫൂഫ് നഗരത്തിന് 142 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ഔതാദ്, ദഹ്റാൻ നഗരത്തിന് തെക്ക് പടിഞ്ഞാറ് 230 കിലോമീറ്റർ അകലെ “അൽ-ദഹ്ന” എന്നിങ്ങനെ രണ്ട് വാതക പാടങ്ങളാണ് കണ്ടെത്തിയത്.
ഔതാദ് -108001 വാതക കിണറ്റിൽ നിന്ന് വാതകം പ്രതിദിനം 10 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് അടി നിരക്കിലും 740 ബാരൽ കണ്ടൻസേറ്റും ലഭ്യമാകും. ഔതാദ്-100921 കിണറ്റിൽ നിന്നും പ്രതിദിനം 16.9 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് അടി നിരക്കിൽ വാതകവും 165 ബാരൽ കണ്ടൻസേറ്റും ലഭ്യമാകും. ദഹ്റാൻ നഗരത്തിന് തെക്ക് പടിഞ്ഞാറ് 230 കിലോമീറ്റർ അകലെയുള്ള “അൽ-ദഹ്ന” പാരമ്പര്യേതര പ്രകൃതി വാതക പാടത്തിലെ അൽ ദഹ്ന 4 വാതക കിണറ്റിൽ നിന്ന് പ്രതിദിനം 8.1 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് അടി നിരക്കിൽ വാതക വും അൽ-ദഹ്ന-370100 കിണറ്റിൽ നിന്നുള്ള വാതക പ്രവാഹം 17.5 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് അടിയും പ്രതിദിനം 362 ബാരൽ കണ്ടൻസേറ്റും ലഭ്യമാകും.
രാജ്യത്തിന്റെ പ്രകൃതിവാതക ശേഖരം ശക്തിപ്പെടുത്തുന്നതാണ് പുതിയ കണ്ടെത്തൽ. ഇത് രാജ്യത്തിന്റെ സാമ്പത്തിക തന്ത്രങ്ങളെ പിന്തുണയ്ക്കുന്നതിനും ദ്രവ ഇന്ധന മാറ്റ പരിപാടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സഹായിക്കും.
രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ സൽമാൻ രാജാവിനും കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും വേണ്ടി പ്രാർത്ഥന നടത്തുന്നതിനോടൊപ്പം ഈ രാജ്യത്തിന് ദൈവം നൽകിയ സമൃദ്ധമായ നന്മയ്ക്ക് ദൈവത്തെ സ്തുതിച്ചും നന്ദി അർപ്പിച്ചുകൊണ്ടുമാണ് ഊർജ്ജ മന്ത്രി തന്റെ പ്രസ്താവന അവസാനിപ്പിച്ചത്.