ജിദ്ദ: ജിദ്ദയിലും റാബക്കിലും പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ഇന്ന് കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) മുന്നറിയിപ്പ് നൽകി.
മിതമായതോ കനത്തതോ ആയ മഴ, ഉപരിതല കാറ്റ്, ആലിപ്പഴം, എന്നിവ മുഴുവൻ ഗവർണറേറ്റിനെയും അതിന്റെ തുറന്ന പ്രദേശങ്ങളെയും ഹൈവേകളെയും ബാധിക്കുമെന്ന് കേന്ദ്രം കാലാവസ്ഥാ പ്രവചനത്തിൽ പറഞ്ഞു.
റാബക്ക് ഗവർണറേറ്റിലും കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലുണ്ടാകുമെന്ന് എൻസിഎം മുന്നറിയിപ്പ് നൽകി. ഇവിടെ രാത്രി 12.00 വരെ മഴ തുടരും.
മഴക്കാലത്ത് അതീവ ജാഗ്രത പുലർത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസും, മക്ക മേഖലയിലെ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ചതുപ്പുനിലങ്ങളിലേക്ക് അടുക്കരുതെന്നും തോടുകൾ കൂടുന്ന സ്ഥലങ്ങളിൽ നിന്ന് അകന്നു നിൽക്കരുതെന്നും മഴക്കാലത്ത് താഴ്‌വരകൾ മുറിച്ചുകടക്കരുതെന്നും മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വ്യാഴാഴ്ച ജിദ്ദയിൽ പെയ്ത പേമാരി തീരദേശ നഗരത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന മഴയാണ്. മഴ ഏകദേശം എട്ട് മണിക്കൂർ നീണ്ടുനിന്നു.
13 വർഷം മുമ്പ് നഗരത്തെ ബാധിച്ച പ്രളയത്തിന്റെ ഞെട്ടിക്കുന്ന ഓർമ്മകൾ തിരികെ കൊണ്ടുവന്ന വെള്ളപ്പൊക്കത്തിൽ രണ്ട് പേർ മരിച്ചു. വെള്ളത്തിൽ മുങ്ങിയ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയ നിരവധി പേരെ രക്ഷപ്പെടുത്തി. കിംഗ് അബ്ദുല്ല റോഡ് തുരങ്കത്തിൽ കുടുങ്ങിയ നിരവധി വാഹനയാത്രക്കാരെ ജിദ്ദ സിവിൽ ഡിഫൻസിലെ നീന്തൽ വിദഗ്ധർ രക്ഷപ്പെടുത്തിയിരുന്നു.