റിയാദ് : ഒളിച്ചോടി(ഹുറൂബ്)യതായി സ്‌പോണ്‍സര്‍ ജവാസാത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് സര്‍ക്കാര്‍ സിസ്റ്റത്തില്‍ ആപ്‌സെന്റ് ഫ്രം വര്‍ക്ക് എന്ന സ്റ്റാറ്റസിലുള്ള ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള ഗാര്‍ഹിക ജോലിക്കാര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കില്ലെന്ന് ജവാസാത്ത് അറിയിച്ചു. പരമാവധി നാലു പ്രാവശ്യം മാത്രമേ ഗാര്‍ഹിക ജോലിക്കാര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സാധ്യമാവുകയുള്ളൂ. ഇഖാമയില്‍ 15 ദിവസത്തില്‍ കൂടുതല്‍ കാലാവധിയുണ്ടായിരിക്കുകയും വേണം.
ഗാര്‍ഹിക ജോലിക്കാര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അബ്ശിര്‍ വഴിയാണ് ഇപ്പോള്‍ നടന്നുവരുന്നത്. നിലവിലെ സ്‌പോണ്‍സര്‍ ആദ്യം തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് അദ്ദേഹത്തിന്റെ അബ്ശിര്‍ വഴി മാറ്റണം. ഏഴു ദിവസത്തിനുള്ളില്‍ തൊഴിലാളി സ്വന്തം അബ്ശിര്‍ വഴി അതിന് അംഗീകാരം നല്‍കണം. പിന്നീട് പുതിയ സ്‌പോണ്‍സര്‍ അംഗീകാരം നല്‍കുന്നതോടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ണമായും.
തൊഴിലാളിക്കും പുതിയ സ്‌പോണ്‍സര്‍ക്കും ട്രാഫിക് പിഴകളില്ലെന്ന് ഉറപ്പുവരുത്തണം. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് ആവശ്യമായ ഫീസുകള്‍ അടക്കുകയും വേണം. ജവാസാത്ത് പറഞ്ഞു.
അതേസമയം തൊഴില്‍ വിസയിലുള്ള ഹുറൂബായവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് സാമൂഹിക വികസന മന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നു.