റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഓൺലൈൻ സേവന കേന്ദ്രമായ “അബ്ഷിർ” പ്ലാറ്റ്‌ഫോമിൽ അഞ്ചു പുതിയ ഇലക്ട്രോണിക് സേവനങ്ങൾ കൂടി ആരംഭിച്ചു. പൊതു സുരക്ഷ വകുപ്പിന്റെ കീഴിലുള്ള സേവനങ്ങൾ പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ, ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസാമി സമർപ്പിച്ചു.
ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് രാജകുമാരന്റെ മേൽനോട്ടത്തിലും, നാഷണൽ ഇൻഫർമേഷൻ സെന്റർ പ്രതിനിധീകരിക്കുന്ന സഊദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് “സദായ” യുടെ സഹകരണത്തോടെയുമാണ് അബ്ഷിർ പുതിയ സേവനങ്ങൾ ചേർത്തത്.
കേടായതോ നഷ്‌ടപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള റിക്വസ്റ്റ് നൽകാൻ പുതിയ സേവനം ഉപയോഗപ്പെടുത്താനാകും. ട്രാഫിക് ഹെഡ്ക്വാർട്ടേഴ്‌സ് സന്ദർശിക്കാതെ ഒരു വ്യതിരിക്തമായ ലോഗോ ഉള്ളതോ അല്ലെങ്കിൽ മറ്റു ഫോർമാറ്റിലുള്ള നമ്പർ പ്ലേറ്റുകൾക്ക് ആവശ്യപ്പെടുക, മോഷ്ടിച്ചതോ നഷ്ടപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകൾ റിപ്പോർട്ടുചെയ്യൽ എന്നിവയും പുതിയ സേവനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാഹനങ്ങൾ ഉപയോഗിക്കുന്നതിന് സന്ദർശകർക്ക് അംഗീകാരം നൽകുന്ന സേവനവും ഇതിൽ ഉൾപ്പെടും. ഈ സേവനം ഉപയോഗപ്പെടുത്തി സന്ദർശകർക്ക് വാഹനങ്ങൾ ഓടിക്കാൻ അധികാരപ്പെടുത്താൻ വാഹന വാടക ഓഫീസുകളെ അനുവദിക്കും. കൂടാതെ പാറ പൊട്ടിക്കുന്നതിനുള്ള പെർമിറ്റ് നൽകുന്ന സേവനത്തിന് പുറമെ എയർ ഗൺ വൃത്തിയാക്കുന്ന പ്രക്രിയ പൂർത്തിയാക്കാൻ ആയുധക്കടകളെ പ്രാപ്തമാക്കുന്ന സേവനവും ഉൾപ്പെടുത്തിയിട്ടുണ്ട്