അബുദാബി: സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട നിയമം കര്‍ശനമായി നടപ്പിലാക്കുന്നതിനുള്ള നടപടികളുമായി യുഎഇയും. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയില്‍ യുഎഇ പൗരന്‍മാരെ ജോലിക്ക് നിര്‍ത്തി സ്വദേശിവല്‍കരണ തോത് പൂര്‍ത്തിയാക്കാത്ത കമ്പനികള്‍ക്ക് അടുത്ത വര്‍ഷം ആദ്യം മുതല്‍ കനത്തപിഴ ചുമത്തുമെന്ന് അധികൃതരുടെ മുന്നറിയിപ്പ് .
യുഎഇ മനുഷ്യവിഭവ സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ സ്വദേശിവല്‍ക്കരണ തോത് പൂര്‍ത്തിയാകുന്ന വിധത്തില്‍ സ്വദേശികളെ നിയമിക്കാനാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇതു പ്രകാരം നിയമം നടപ്പിലാക്കാന്‍ ഇനി 50 ദിവസം മാത്രമേ ബാക്കിയുള്ളൂ എന്ന് ഇന്നലെ മന്ത്രാലയം അറിയിച്ചു. 50ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ വിദഗ്ധ തൊഴില്‍മേഖലയില്‍ ഈ വര്‍ഷം രണ്ട് ശതമാനം സ്വദേശിവല്‍കരണം നടപ്പാക്കണം എന്നാണ് യുഎഇ മാനവ വിഭവ, സ്വദേശിവല്‍കരണ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഈ വര്‍ഷം മെയ് മാസത്തിലാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് മന്ത്രാലയം പുറപ്പെടുവിച്ചത്. ഈ വര്‍ഷം അവസാനം ആകുമ്പോഴേക്ക് ലക്ഷ്യം കൈവരിക്കാനാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഇതുപ്രകാരം അടുത്ത വര്‍ഷം ജനുവരി ഒന്ന് ആകുമ്പോഴേക്ക് ഈ നിര്‍ദ്ദേശം പാലിക്കാത്ത സ്ഥാപനങ്ങള്‍ പിഴ നല്‍കേണ്ടി വരും. നിയമനം ലഭിക്കാത്ത ഒരു സ്വദേശിക്ക് 72,000 ദിര്‍ഹം എന്ന നിരക്കില്‍ കനത്തപിഴയാണ് സ്ഥാപനങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും ഈടാക്കുക. ഇതുപ്രകാരം 2023 ജനുവരി മുതല്‍ ഓരോ മാസവും ഒരു സ്വദേശിയെ നിയമിക്കാത്തതിന് പകരം 6000 ദിര്‍ഹം വീതം പിഴ നല്‍കേണ്ടിവരും.
രാജ്യത്തെ സ്വദേശിവല്‍കരണ തോത് അനുസരിച്ച് വിദഗ്ധരംഗത്ത് 50 ജീവനക്കാരുണ്ടെങ്കില്‍ ഒരു സ്വദേശിയെ എങ്കിലും കമ്പനിയില്‍ നിയമിച്ചിരിക്കണം. ഇതു പ്രകാരം 50ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ രണ്ട് സ്വദേശിയെ ചുരുങ്ങിയത് നിയമിക്കണം. ലക്ഷ്യം കൈവരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ഒഴിവാകും എന്ന് മാത്രമല്ല, ആനൂകൂല്യങ്ങളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. വേണ്ടത്ര സ്വദേശികളെ നിയമിച്ചാല്‍ ഒന്നാം കാറ്റഗറി കമ്പനിയായി സ്ഥാപനത്തെ കണക്കാക്കും. തവ്തീന്‍ പാര്‍ട്ണര്‍ ക്ലബില്‍ ഉള്‍പ്പെടുത്തി ലക്ഷ്യം കൈവരിച്ച സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ സര്‍വീസ് ഫീസുകളില്‍ 80 ശതമാനം വരെ ഇളവ് നല്‍കും. ഈ വര്‍ഷം അവസാനത്തോടെ സ്വദേശിവല്‍കരണത്തിന്റെ തോത് രണ്ട് ശതമാനം ആക്കാനാണ് തീരുമാനം. ഇത് 2026 ആകുന്നതോടെ 10 ശതമാനമായി വര്‍ധിപ്പിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.
ഈ സ്വദേശിവല്‍ക്കരണ ലക്ഷ്യം കൈവരിക്കുന്ന കാര്യത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു. ഇമാറാത്തി ടാലന്റ് കോമ്പറ്റിറ്റീവ്നെസ് കൗണ്‍സിലിന് (നഫീസ്) കീഴില്‍ പ്രോത്സാഹനങ്ങളും പിന്തുണാ പാക്കേജുകളും നല്‍കുന്നുണ്ട്. ലക്ഷ്യം കൈവരിക്കാന്‍ കമ്പനികളെ സഹായിക്കാന്‍ തയ്യാറാണെന്ന് മന്ത്രാലയം വെള്ളിയാഴ്ച ഊന്നിപ്പറഞ്ഞു. യുഎഇയില്‍ ജോലി ചെയ്യാന്‍ ലോകമെമ്പാടുമുള്ള കമ്പനികളെയും നിക്ഷേപകരെയും സംരംഭകരെയും പ്രതിഭകളെയും പ്രോത്സാഹിപ്പിക്കുന്ന മെച്ചപ്പെട്ട ബിസിനസ്സ് അന്തരീക്ഷവും നിക്ഷേപ അന്തരീക്ഷവും കൈവരിക്കാന്‍
സഹായിക്കുന്നതിന് സ്വകാര്യ മേഖലയുമായി സഹകരിച്ച് യുഎഇ തൊഴില്‍ വിപണിയെ മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്വദേശിവല്‍ക്കരണ ശ്രമങ്ങളെന്നും മന്ത്രാലയം അറിയിച്ചു. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന നിയമനിര്‍മ്മാണത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുകയെന്നത് ആത്യന്തികമായി സ്വകാര്യ മേഖലയിലെ കമ്പനികളുടെയും അവരുടെ ജീവനക്കാരുടെയും കൂടി താല്‍പ്പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ കമ്പനികളില്‍ യുഎഇ പൗരന്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ രണ്ട് രീതിയിലാണ് നടപ്പിലാക്കുന്നത്. സ്വകാര്യ മേഖലയില്‍ പൗരന്മാര്‍ക്ക് ലഭ്യമായ തൊഴിലുകളുടെ അടിത്തറ വിപുലീകരിക്കുക എന്നതാണ് അവയില്‍ ഒന്നാമത്തേത്. പൗരന്‍മാരുടെ കരിയര്‍ പാതയില്‍ അവരെ പിന്തുണയ്ക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുക എന്നതാണ് മറ്റൊന്ന്- മന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാരിന്റെ ശക്തമായ പിന്തുണയും പ്രോല്‍സാഹനവും കൈമുതലാക്കി സാധ്യമായ എല്ലാ രീതികളിലും സ്വകാര്യ മേഖലയിലേക്ക് പ്രവേശിക്കാന്‍ യുഎഇ പൗരന്മാരെ പ്രാപ്തരാക്കുന്നതാണ് നഫീസ് പ്രോഗ്രാം- മന്ത്രാലയം അറിയിച്ചു. യുഎഇ പൗരന്‍മായ വിദഗ്ധ സേവനം കൂടി ഉല്‍പ്പെടുത്തി രാജ്യത്തിന്റെ സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്വദേശിവല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രാലയത്തിലെ സ്വദേശിവല്‍ക്കരണ വിഭാഗം അണ്ടര്‍ സെക്രട്ടറി സെയ്ഫ് അല്‍ സുവൈദി പറഞ്ഞു. ഇത് രാജ്യത്തിലെ തൊഴില്‍ കമ്പോളത്തിന്റെ മല്‍സരക്ഷമത വര്‍ധിപ്പക്കും. രാജ്യത്തിന്റെ ബിസിനസ് മാതൃകയ്ക്കൊത്ത് കമ്പോളത്തെ മാറ്റിയെടുക്കാനും ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു.