റിയാദ്: ഊർജ മേഖല സഹകരണത്തിന് ഈജിപ്തുമായും ഒമാനുമായും സൗദി അറേബ്യ ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. ഈജിപ്തിലെ ഷറമുഷൈഖിൽ നടന്ന ലോക കാലാവസ്ഥ ഉച്ചകോടിയോടനുബന്ധിച്ചാണ് ഊർജ മേഖലയിൽ സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്.
വൈദ്യുതി, പുനരുപയോഗ ഊർജം, ക്ലീൻ ഹൈഡ്രജൻ എന്നീ മേഖലകളിൽ പരസ്പര സഹകരണം ലക്ഷ്യമിട്ടാണ് സൗദി അറേബ്യയും ഈജിപ്തും കരാർ ഒപ്പുവെച്ചത്.
സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും ഈജിപ്ഷ്യൻ വൈദ്യുതി, പുനരുപയോഗ ഊർജ മന്ത്രി ഡോ. മുഹമ്മദ് ശാകിർ അൽമർഖബിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
പുനരുപയോഗ ഊർജത്തിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം, കയറ്റുമതി, ക്ലീൻ ഹൈഡ്രജൻ നീക്കം ചെയ്യൽ, വൈദ്യുതി ശൃംഖലകളെ പരസ്പരം ബന്ധിപ്പിക്കൽ, ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കൽ, ഇന്നൊവേഷൻ, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇരു രാജ്യങ്ങൾക്കുമിടയിൽ മികച്ച പങ്കാളിത്തങ്ങൾ സ്ഥാപിക്കൽ, ഊർജ മേഖല ഉൽപന്നങ്ങളും സേവനങ്ങളും വിതരണ ശൃംഖലകളും ഇവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളും പ്രാദേശികവൽക്കരിക്കാൻ പങ്കാളിത്തങ്ങൾ സ്ഥാപിക്കൽ, വൈദ്യുതി, പുനരുപയോഗ ഊർജ, ക്ലീൻ ഹൈഡ്രജൻ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുമായി സഹകരിക്കൽ എന്നിവ ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നു.
യൂനിവേഴ്സിറ്റികളുമായും ഗവേഷണ കേന്ദ്രങ്ങളുമായും സഹകരിച്ച് സംയുക്ത ഗവേഷണങ്ങൾ നടത്തൽ, സമ്മേളനങ്ങളും സെമിനാറുകളും ശിൽപശാലകളും സംഘടിപ്പിക്കൽ, പരിശീലനത്തിലൂടെയും പരിചയ സമ്പത്ത് കൈമാറ്റത്തിലൂടെയും വിവര കൈമാറ്റത്തിലൂടെയും ഊർജ മേഖലയിൽ മാനവശേഷി വികസനം എന്നിവയും ധാരണാപത്രത്തിൽ ഉൾപ്പെടുന്നു.
ഊർജ മേഖല സഹകരണത്തിനുള്ള മറ്റൊരു ധാരണാപത്രത്തിൽ സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും ഒമാൻ ഊർജ, ധാതുവിഭവ മന്ത്രി എൻജിനീയർ സാലിം ബിൻ നാസിർ അൽഔഫിയും ഒപ്പുവെച്ചു.
പുനരുപയോഗ ഊർജം, വൈദ്യുതി, ഊർജ കാര്യക്ഷമത, ഹൈഡ്രജൻ, സർക്കുലാർ കാർബൺ ഇക്കോണമി സമീപനവും സാങ്കേതിക വിദ്യകളും നടപ്പാക്കൽ, പെട്രോൾ, ഗ്യാസ്, ഇന്നൊവേഷൻ, ഇരു രാജ്യങ്ങളിലെയും കമ്പനികൾ തമ്മിലുള്ള സഹകരണം, ഊർജ മേഖല ഉൽപന്നങ്ങളും സേവനങ്ങളും വിതരണ ശൃംഖലകളും ഇവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളും പ്രാദേശികവൽക്കരിക്കാൻ പങ്കാളിത്തങ്ങൾ സ്ഥാപിക്കൽ, പരിശീലന കോഴ്സുകൾ നടത്തൽ, വിദഗ്ധരുടെ പരസ്പര സന്ദർശനം, ഊർജ മേഖല ഗവേഷണങ്ങൾ എന്നീ മേഖലകളിൽ സൗദി അറേബ്യയും ഒമാനും തമ്മിൽ സഹകരണം ശക്തമാക്കാൻ ധാരണാപത്രം ലക്ഷ്യമിടുന്നു.