റിയാദ്: ലോകത്ത് 75 കോടി ജനങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കാൻ സഹായവുമായി സൗദി അറേബ്യ രംഗത്ത്.
75 കോടിയിലേറെ പേർക്ക് ഭക്ഷണം ലഭ്യമാക്കാൻ ഇന്ധന പോംവഴികളിലൂടെ ആഗോള സംരംഭം സ്ഥാപിക്കുമെന്നാണ് സൗദിയുടെ പ്രഖ്യാപനം.
വാർത്തകൾ വാട്ട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനീഷ്യേറ്റീവ് ഉച്ചകോടിയിലാണ് പ്രസിഡൻഷ്യൽ പ്രഖ്യാപനം വന്നത്.
മധ്യപൗരസ്ത്യ ദേശത്ത് സർക്കുലാർ കാർബൺ ഇക്കോണമി സാങ്കേതിക വിദ്യകളിൽ നിക്ഷേപങ്ങൾ നടത്താൻ സൗദി അറേബ്യ മുൻകൈയെടുത്ത് നിക്ഷേപ ഫണ്ടും സ്ഥാപിക്കും.
ഈ രണ്ടു പദ്ധതികളിലെയും ആകെ നിക്ഷേപങ്ങൾ 3900 കോടി റിയാലാണ്. ഇതിൽ പതിനഞ്ചു ശതമാനം സൗദി അറേബ്യ വഹിക്കും.
പ്രകൃതിദത്ത പരിഹാരങ്ങളിലൂടെ കാർബൺ ബഹിർഗമനം കുറയ്ക്കാനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളെയും സഹകരണത്തെയും പിന്തുണക്കുന്ന മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനീഷ്യേറ്റീവിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രഖ്യാപിച്ച പദ്ധതികളുടെ പുരോഗതി ഉച്ചകോടിയിൽ നേതാക്കൾ വിലയിരുത്തി.
കാർബൺ ബഹിർഗമനം കുറക്കുന്നതിലും ഇല്ലാതാക്കുന്നതിലുമുള്ള ആഗോള സംഭാവനയുടെ പത്തു ശതമാനത്തിലധികം മധ്യപൗരസ്ത്യ മേഖലയിൽ കൈവരിക്കാനും ആഗോള തലത്തിൽ ആകെ ലക്ഷ്യമിടുന്ന വൃക്ഷവൽക്കരണത്തിന്റെ അഞ്ചു ശതമാനം കൈവരിക്കുന്ന നിലയിൽ 5000 കോടി വൃക്ഷങ്ങൾ മേഖലയിൽ നട്ടുവളർത്താനും മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനീഷ്യേറ്റീവിലൂടെ ലക്ഷ്യമിടുന്നു.
ലോകത്തെ ഏറ്റവും വലിയ വൃക്ഷവൽക്കരണ പദ്ധതിയാണിത്.
മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനീഷ്യേറ്റീവ് ലക്ഷ്യങ്ങൾ കൈവരിക്കാൻ സർക്കുലാർ കാർബൺ ഇക്കോണമി ആശയം നടപ്പാക്കാൻ ആഗോള സഹകരണ പ്ലാറ്റ്ഫോം സ്ഥാപിക്കാൻ പ്രവർത്തിക്കുമെന്നും കാലാവസ്ഥ വ്യതിയാനത്തിനുള്ള റീജണൽ സെന്റർ സ്ഥാപിക്കുമെന്നും കാർബൺ പിടിച്ചെടുക്കാനും ഉപയോഗിക്കാനും സംഭരിച്ചുവെക്കാനും റീജണൽ കോംപ്ലക്സ് സ്ഥാപിക്കുമെന്നും സൗദി അറേബ്യ ഉച്ചകോടിയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
പൊടിക്കാറ്റുകളുടെ ഫലമായ ആരോഗ്യ അപകടങ്ങൾ കുറക്കാൻ സഹായിക്കുന്നതിന് കൊടുങ്കാറ്റുകളെ കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്നതിന് പ്രാദേശിക കേന്ദ്രം സ്ഥാപിക്കുമെന്നും സമുദ്ര ജൈവ വൈവിധ്യം ഉയർത്താനും മത്സ്യബന്ധന മേഖലയിൽ കാർബൺ ബഹിർഗമനത്തിന്റെ തോത് 15 ശതമാനം വരെ കുറക്കാനും സുസ്ഥിര
മത്സ്യബന്ധന വികസനത്തിന് പ്രാദേശിക കേന്ദ്രം സ്ഥാപിക്കുമെന്നും വർഷപാത തോത് ഏകദേശം 20 ശതമാനം വരെ വർധിപ്പിക്കുന്നതിന് കൃത്രിമ മഴ പെയ്യിക്കലിന് മേഖല പ്രോഗ്രാം ആരംഭിക്കുമെന്നും സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിനും കാർബൺ ബഹിർഗമനം കുറയ്ക്കാനും പ്രാദേശിക ഏകോപന നിലവാരം ഉയർത്താനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിൽ ഈ കേന്ദ്രങ്ങൾക്കും പ്രോഗ്രാമുകൾക്കും വലിയ പങ്കുണ്ടാകുമെന്നും പ്രഖ്യാപനം പറഞ്ഞു.