റിയാദ് : സ്വകാര്യ സ്ഥാപനങ്ങൾക്ക് കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ സൗദി സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പ്രഖ്യാപിച്ച ‘പിഴ റദ്ദാക്കൽ’ ആനുകൂല്യം ഈ മാസം 30 ന് അവസാനിക്കും. എല്ലാ നികുതിദായകരും അതിന് മുമ്പ് അവസരം വിനിയോഗിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ വർഷം ജൂൺ മുതലാണ് പദ്ധതി ആരംഭിച്ചത്.
വാറ്റ് രജിസ്ട്രേഷൻ വൈകൽ, പണമടയ്ക്കൽ വൈകൽ, വാറ്റ് റിട്ടേൺ ഫയൽ ചെയ്യാനുള്ള കാലതാമസം, വാറ്റ് റിട്ടേൺ തിരുത്തൽ, ഇ ഇൻവോയ്സുമായി ബന്ധപ്പെട്ട് ഫീൽഡ് പരിശോധനയിൽ കണ്ടെത്തിയ ലംഘനം, വാറ്റുമായി ബന്ധപ്പെട്ട പൊതു നിബന്ധനകളിൽ ഏർപ്പെടുത്തിയ വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട പിഴകളിൽനിന്ന് നികുതിദായകരെ ഒഴിവാക്കും. ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനു വേണ്ട നിബന്ധനകളും മാർഗനിർദേശങ്ങളും അതോറിറ്റി വ്യക്തമാക്കിയിരുന്നു. നികുതി വെട്ടിപ്പ് ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകൾ, ഈ പദ്ധതി പ്രാബല്യത്തിൽ വന്ന തീയതിക്ക് മുമ്പുണ്ടായ നിയമ ലംഘനത്തിനടച്ച പിഴ എന്നിവ ഇതിലുൾപ്പെടില്ല.
തവണകളായി അടയ്ക്കാൻ നിജപ്പെടുത്തിയിരിക്കുന്ന പ്രധാന നികുതി ഒടുക്കാൻ വൈകിയതിനുള്ള പിഴ ഇളവ് പദ്ധതി കാലാവധി അവസാനിച്ചതിനു ശേഷം ഉള്ളതാണെങ്കിൽ അതിനും ഇളവ് ലഭിക്കില്ല. ബില്ലിങ് വ്യവസ്ഥകളുടെ പ്രയോഗവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ എന്നീ കാരണങ്ങൾക്കുള്ള പിഴകളാണ് ഈ പദ്ധതി പ്രകാരം റദ്ദാക്കുന്നത്.