ദമാം- തികച്ചും അപ്രതീക്ഷിതമായാണ് മലപ്പുറം ജില്ലയിൽനിന്നുള്ള പ്രവാസി സൗദി അതിർത്തിയിലെ പരിശോധനയിൽ കുടുങ്ങിയത്. കേരളത്തിൽ ഇന്റർപോൾ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച മലയാളിയാണ് കുടുങ്ങിയത്.
പതിനെട്ട് വർഷം മുമ്പ് നാട്ടിൽ നടന്ന ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു നോട്ടീസ്. ഖത്തറിൽ വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന മലയാളി അവിടെനിന്ന് റോഡ് മാർഗം സൗദിയിലേക്ക് ഉംറക്ക് വന്നതായിരുന്നു. എന്നാൽ സാൽവ ചെക്ക് പോസ്റ്റിൽ വിരലടയാളം എടുത്തപ്പോഴാണ് ഇദ്ദേഹത്തിന്റെ പേരിൽ കേസുള്ള വിവരം അറിഞ്ഞത്. പതിനെട്ട് വർഷം മുമ്പ് നാട്ടിൽ നടന്ന അടിപിടിയിൽ പരിക്കേറ്റയാൾ മരിച്ചതോടെ കൊലപാതക കേസായി മാറുകയായിരുന്നു. ഈ കേസിൽ എട്ടാമത്തെ പ്രതിയായിരുന്നു മലയാളി. ഇതിന് ശേഷവും നിരവധി തവണ നാട്ടിലേക്ക് പോകുകയും തിരിച്ചുവരികയും പാസ്‌പോർട്ട് പുതുക്കുകയും ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹം കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് കേസ് ഇന്റർപോളിന് കൈമാറി. ഇന്ത്യയും സൗദിയും തമ്മിൽ കുറ്റവാളികളെ കൈമാറാനുള്ള ധാരണാപത്രം നിലവിലുള്ളതിനാൽ ഇദ്ദേഹത്തെ അധികൃതർ പിടികൂടുകയായിരുന്നു. ഇദ്ദേഹത്തെ കേസ് നടപടികൾക്കായി ഉടൻ ഇന്ത്യയിലേക്ക് അയക്കും. ഇദ്ദേഹത്തിനൊപ്പം ഉംറക്കെത്തിയവരെ തിരിച്ചയച്ചു. കൊലക്കേസുമായി ബന്ധപ്പെട്ട് മറ്റു പ്രതികളെ കോടതി വിട്ടയച്ചിരുന്നു. എന്നാൽ ഇദ്ദേഹം വിചാരണവേളയിൽ ഹാജരായില്ല. ഇതാണ് ഒടുക്കം വിനയായത്