ദുബായ്: വർഷാവസാനത്തോടെ നാൽപതോളം രാജ്യാന്തര കമ്പനികളുടെ ആസ്ഥാനം യുഎഇയിലേക്ക് മാറ്റുമെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അൽ സെയൂദി പറഞ്ഞു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സാമ്പത്തിക മന്ത്രാലയം സംഘടിപ്പിച്ച വെർച്വൽ നെക്സ്റ്റ്ജെൻ ടാലന്റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഗൂഗിൾ, ആമസോൺ, മെറ്റ തുടങ്ങിയ കമ്പനികളും സമ്മേളനത്തിൽ പങ്കെടുത്തു. യുഎഇയിലേക്കു ആസ്ഥാനം മാറ്റാൻ സന്നദ്ധത അറിയിച്ച 400 കമ്പനികളുമായി പ്രാഥമിക ചർച്ച നടത്തി.
അതിൽ അന്തിമ തീരുമാനം എടുത്ത 40 കമ്പനികളാണ് ആസ്ഥാനം തുറക്കുക. സാങ്കേതിക രംഗത്തു പ്രവർത്തിക്കുന്നവയാണ് ഇവയിൽ ഭൂരിഭാഗവും.
അടുത്ത വർഷം കൂടുതൽ കമ്പനികളുടെ ആസ്ഥാനം യുഎഇയിലെത്തും. ജൂലൈയിൽ ആരംഭിച്ച നെക്സ്റ്റ് ജെൻ എഫ്ഡിഐയിലൂടെ നേരിട്ടുള്ള വിദേശ നിക്ഷേപകർക്ക് അത്യാകർഷക ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. ഇതാണ് ആഗോള നൂതന സാങ്കേതിക കമ്പനികളെ യുഎഇയിലേക്കു ആകർഷിക്കുന്നത്.
ലൈസൻസിങ് നടപടികളും ധനസഹായവും എളുപ്പമാക്കുക, ഗോൾഡൻ വീസ നൽകുക, വാണിജ്യ–താമസ കെട്ടിടങ്ങൾക്ക് വാടക ഇളവ്, സ്ഥലം മാറ്റുന്നതിനുള്ള മാർഗനിർദേശം, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, കുടുംബാംഗങ്ങൾക്ക് അനുയോജ്യമായ വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവയ്ക്കെല്ലാം പ്രത്യേക സംഘം പ്രവർത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.