കുവൈത്ത് സിറ്റി:കോവിഡിന്റെ പുതിയ വകഭേദമായ എക്സ്.ബി.ബിയെ കുറിച്ച് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അബ്ദുൽ വഹാബ് അൽ അവാദി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കോവിഡ് എക്സ്.ബി.ബി വേരിയന്റ് രാജ്യത്ത് ഗുരുതരമായ ലക്ഷണങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് മന്ത്രിമാരെ അഭിസംബോധന ചെയ്ത ആരോഗ്യമന്ത്രി ഉറപ്പുനൽകി.
അതേസമയം, ആളുകളുടെ ഒത്തുചേരൽ ഒഴിവാക്കുന്നത് തുടരണമെന്നും ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളുള്ളവർ മാസ്ക് ധരിക്കണമെന്നും അദ്ദേഹം ഉണർത്തി. കോവിഡ്, ഫ്ലൂ എന്നിവക്കെതിരെ വാക്‌സിനേഷൻ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം നേരത്തേ സ്ഥിരീകരിച്ചിരുന്നു. വേഗത്തിൽ വ്യാപിക്കാൻ കഴിയുന്ന എക്സ്.ബി.ബി വകഭേദമാണ് കണ്ടെത്തിയത്. എന്നാൽ, കൊറോണ വൈറസിന് ഇതിനകം ഒട്ടേറെ ജനിതക മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. രാജ്യത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊതുജനാരോഗ്യ നടപടികളും മാർഗനിർദേശങ്ങളും തുടരുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.