റിയാദ് : സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിനെയും നിക്ഷേപാവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനെയും കുറിച്ച് സൗദി, ഖത്തർ വ്യവസായികൾ ചർച്ച നടത്തി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദോഹയിൽ ഖത്തർ ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്തു വെച്ചാണ് സൗദി, ഖത്തർ ജോയിന്റ് ബിസിനസ് കൗൺസിൽ യോഗം ചേർന്ന് സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്തത്. ഖത്തറിലെ സൗദി അംബാസഡർ മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ രാജകുമാരൻ, സൗദി, ഖത്തർ ജോയിന്റ് ബിസിനസ് കൗൺസിൽ പ്രസിഡന്റും ഖത്തർ ചേംബർ പ്രസിഡന്റുമായ ശൈഖ് ഖലീഫ ബിൻ ജാസിം അൽഥാനി എന്നിവരും പ്രമുഖ വ്യവസായികളും യോഗത്തിൽ സംബന്ധിച്ചു.
നിലവിലെ സാമ്പത്തിക സ്ഥിതി വിശകലനം ചെയ്യുകയും വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും വളർച്ചക്ക് ഏറ്റവും പ്രധാനപ്പെട്ട മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിക്ഷേപ അവസരങ്ങളെ കുറിച്ച വിവരങ്ങൾ കൈമാറുകയും സംയുക്ത പരിപാടികൾ സംഘടിപ്പിക്കുകയും പദ്ധതികളും പ്രോത്സാഹനങ്ങളും നിർദേശിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളുടെ വളർച്ചക്ക് നേരിടുന്ന പ്രതിബന്ധങ്ങൾ തിരിച്ചറിയുകയും ചെയ്യുന്ന സാമ്പത്തിക റോഡ് മാപ്പ് സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള സാമ്പത്തിക സഹകരണം പുതിയ തലങ്ങളിലെത്തിക്കാൻ തയാറാക്കണമെന്ന് ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സ് സൗദി, ഖത്തർ ബിസിനസ് കൗൺസിൽ പ്രസിഡന്റ് ഹമദ് ബിൻ അലി അൽശുവൈഇർ പറഞ്ഞു.
നിക്ഷേപങ്ങൾ വർധിപ്പിക്കാനും ഗുണമേന്മയുള്ള പങ്കാളിത്തം സൃഷ്ടിക്കാനും സാമ്പത്തിക ഏകീകരണം വർധിപ്പിക്കാനും സഹായിക്കുന്ന നൂതന പ്രോഗ്രാമുകൾ വികസിപ്പിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ബിസിനസ് മേഖലയിൽ സഹകരണം വർധിപ്പിക്കേണ്ടതും സാമ്പത്തിക പരിവർത്തനത്തിൽ നിന്ന് പ്രയോജനം നേടേണ്ടതും ഏറെ പ്രധാനമാണെന്ന് ഹമദ് ബിൻ അലി അൽശുവൈഇർ പറഞ്ഞു. ഉഭയകക്ഷി വ്യാപാരം ഉയരണമെന്നാണ് പ്രത്യാശിക്കുന്നത്. ഈ വർഷം ആദ്യ പകുതിയിൽ സൗദി, ഖത്തർ വ്യാപാരം 80.2 കോടി റിയാലായി ഉയർന്നു.
വിഷൻ 2030 പദ്ധതി പശ്ചാത്തലത്തിൽ സൗദിയിലെ സാമ്പത്തിക പുരോഗതികൾ യോഗത്തിൽ ഹമദ് ബിൻ അലി അൽശുവൈഇർ വിശദീകരിച്ചു. ലോകത്തെ ഏറ്റവും വലിയ 20 സാമ്പത്തിക ശക്തികളിൽ ഒന്നായ സൗദി അറേബ്യയുടെ ഉൽപന്നങ്ങൾ 140 ലേറെ രാജ്യങ്ങളിൽ എത്തുന്നു. വിദേശ മൂലധനം ആകർഷിക്കുന്ന പ്രധാന രാജ്യമായി സൗദി അറേബ്യ മാറിയിട്ടുണ്ട്. ഖത്തറും വലിയ സാമ്പത്തിക പുരോഗതിക്കാണ് സാക്ഷ്യം വഹിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച കമ്പനികൾ ഖത്തറിൽ നിക്ഷേപങ്ങൾ നടത്തുന്നു.
വിവിധ മേഖലകളിൽ നിരവധി മികച്ച പദ്ധതികൾ ഖത്തറിൽ നടപ്പാക്കിവരുന്നതായും ഹമദ് ബിൻ അലി അൽശുവൈഇർ പറഞ്ഞു. ഖത്തറിലും സൗദിയിലും ലഭ്യമായ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപാവസരങ്ങൾ യോഗത്തിൽ വിശദീകരിക്കപ്പെട്ടു.