ദുബൈ : പ്രവാസികൾക്ക് ആശ്വാസമായി ദുബൈ വിമാനത്താവളത്തിൽനിന്ന് കണ്ണൂരിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് തുടങ്ങുന്നു. നവംബർ ഒന്നിന് കേരളപ്പിറവി ദിനം മുതലാണ് സർവിസ്. നിലവിൽ ഗോ ഫസ്റ്റ് മാത്രമാണ് ദുബൈയിൽ നിന്ന് കണ്ണൂരിലേക്ക് സർവിസ് നടത്തുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷാർജ വിമാനത്താവളത്തെയായിരുന്നു കൂടുതൽ കണ്ണൂർ പ്രവാസികളും ആശ്രയിച്ചിരുന്നത്. കണ്ണൂർ വിമാനത്താവളത്തെ അവഗണിക്കുന്നു എന്ന് ആരോപണമുയരുന്ന സാഹചര്യത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് തുടങ്ങുന്നത്.
ആഴ്ചയിൽ നാലു ദിവസമാണ് ദുബൈ-കണ്ണൂർ സർവിസ്. ആദ്യ ദിനങ്ങളിൽ ദുബൈയിൽനിന്ന് കണ്ണൂരിലേക്ക് 300 ദിർഹമാണ് ടിക്കറ്റ് നിരക്ക്. അഞ്ചു കിലോ അധിക ബാഗേജും അനുവദിക്കും. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്ക് പറക്കുക. വൈകീട്ട് യു.എ.ഇ സമയം 6:40ന് പുറപ്പെടുന്ന IX 748 വിമാനം കണ്ണൂരിൽ ഇന്ത്യൻ സമയം 11: 50ന് എത്തും. കണ്ണൂരിൽ നിന്ന് തിരിച്ച് IX 747 വിമാനം തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 12.50ന് പുറപ്പെടും. ദുബൈയിൽ പുലർച്ച 3.15 ന് എത്തും.
നേരത്തേ കണ്ണൂരിലേക്കുള്ള എയർ ഇന്ത്യയുടെ ഏക രാജ്യാന്തര സർവിസ് നിർത്തിയത് ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഇതോടെ കഴിഞ്ഞ മാസം കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 96,673 പേരാണ് സെപ്റ്റംബറില്‍ കണ്ണൂര്‍ വിമാനത്താവളം വഴി കടന്നുപോയത്. പ്രതിമാസം ഒരുലക്ഷത്തിലേറെ പേര്‍ യാത്ര ചെയ്തിരുന്നതാണ്.
ദുബൈ-കണ്ണൂർ സർവിസിന് പുറമെ ആന്ധ്രപ്രദേശിലെ വിജയവാഡയിലേക്ക് ഷാർജയിൽനിന്ന് പുതിയ സർവിസും എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈമാസം 31 മുതൽ തിങ്കൾ, ശനി ദിവസങ്ങളിലായിരിക്കും ഷാർജ-വിജയവാഡ സർവിസ്. യു.എ.ഇയിൽനിന്ന് വിജയവാഡയിലേക്ക് നേരിട്ട് സർവിസ് നടത്തുന്ന ആദ്യ വിമാനക്കമ്പനിയാണ് തങ്ങളെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വാർത്താകുറിപ്പിൽ പറഞ്ഞു. രാവിലെ 11 നാണ് വിജയവാഡ വിമാനം ഷാർജയിൽനിന്ന് പുറപ്പെടുക.