റിയാദ്: സഊദിയിൽ പരിഷ്കരിച്ച തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നതോടെ, ഹുറൂബ് കേസിലകപ്പെട്ടവർക്കും, ഹുറൂബ് കേസില്ലാതെ സാധാരണമായ അവസ്ഥയിലും പഴയ തൊഴിലുടമയുടെ അനുവാദമില്ലാതെ പുതിയ തൊഴിലുടമയിലേക്ക് സ്പോണ്സർഷിപ്പ് മാറുന്നതിനുളള നടപടിക്രമങ്ങൾ മാനവ വിഭവശേഷി സാമുഹിക വികസന മന്ത്രാലയം വിശദീകരിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹുറൂബല്ലാത്തവർക്ക് തൊഴിൽ മാറാൻ നിലവിലെ തൊഴിലുടമയുമായുള്ള തൊഴിൽ കരാർ കാലാവധി അവസാനിക്കുകയോ, അല്ലെങ്കിൽ നിലവിലെ തൊഴിലുടമയുടെ അനുവാദം വാങ്ങുകയോ വേണം. കരാർ കാലാവധി അവസാനിച്ച ശേഷമാണെങ്കിൽ തൊഴിലുടമയുടെ അനുമതി ആവശ്യമില്ല. തൊഴിലുടമ മനുഷ്യകടത്ത് കേസിലോ, ബിനാമി കേസിലോ പ്രതിയോ, ജയിലിലോ ആണെങ്കിലും പഴയ തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ സ്പോണ്സർഷിപ്പ് മാറാവുന്നതാണ്.
കൂടാതെ തൊഴിലാളുടെ ഇഖാമയും തൊഴിൽ രേഖകളും പുതുക്കി നൽകാതിരിക്കുക, നിതാഖാത്ത് പ്രകാരമുളള സ്വദേശിവൽക്കരണം പാലിക്കാത്ത സ്ഥാപനമായിരിക്കുക തുടങ്ങിയ ഘട്ടങ്ങളിലും പഴയ സ്പോണ്സറുടെ അനുവാദമില്ലാതെ തൊഴിൽ മാറാൻ വിദേശികൾക്ക് അനുവാദമുണ്ട്.
താഴെ പറയുന്ന നടപടിക്രമങ്ങളിലൂടെ ഹുറൂബായവർക്ക് തൊഴിൽ മാറ്റം സാധ്യമാകുന്നതാണ്.
1. പുതിയ തൊഴിലുടമയിലേക്ക് മാറാൻ തൊഴിലാളിയുടെ നിലവിലെ സ്റ്റാറ്റസ് ജോലിയിൽ നിന്ന് അപ്രത്യക്ഷനായി (ഹുറൂബ്) എന്നായിരിക്കണം.
2. മന്ത്രാലയം തൊഴിൽ നിയമങ്ങളിലെ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചതിന് മുമ്പ് (ഒക്ടോബർ 24ന് മുമ്പ്) ഹുറൂബായ ആളായിരിക്കണം.
3. ട്രാൻസ്ഫർ അഭ്യർത്ഥന പരമാവധി രണ്ട് തവണ മാത്രമേ ആവർത്തിക്കാൻ അനുവദിക്കൂ.
4. ഹുറൂബായ തൊഴിലാളിയുടെ മേൽ അടച്ച് തീർക്കാനുളള കുടിശ്ശിക സംബന്ധിച്ചുള്ള അറിയിപ്പ് പുതിയ സ്പോണ്സർക്ക് ലഭിക്കും.
5. കുടിശ്ശിക ഫീസ് അടച്ച് തീർക്കാനുള്ള നിർദ്ദേശം പുതിയ സ്പോണ്സർ അംഗീകരിക്കണം.
6. തൊഴിലാളിയുടെ കൈമാറ്റ പ്രക്രിയ പൂർത്തിയാക്കാൻ അഭ്യർത്ഥന മറ്റ് സർക്കാർ സംവിധാനങ്ങളിലേക്ക് അയക്കും.
7. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ അറിയിപ്പ് പുതിയ തൊഴിലുടമയെ അറിയിക്കും.
8. ട്രാൻസ്ഫർ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ, മാനവ വിഭവശേഷി വിസന മന്ത്രാലയത്തിൻ്റെ സിസ്റ്റത്തിൽ തൊഴിലാളിയുടെ മുഴുവൻ ഡാറ്റകളും പുതിയ സ്ഥാനപത്തിലേക്ക് മാറിയതായി വ്യക്തമാകും.
9. 15 ദിവസത്തിനുള്ളിൽ സ്പോൺസർ ട്രാൻസ്ഫർ പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിലോ അപേക്ഷ അധികൃതർ തള്ളുകയോ ചെയ്‌താൽ തൊഴിലാളിയുടെ സ്റ്റാറ്റസ് വീണ്ടും ഹുറൂബ് ആയി മാറുകയും ട്രാൻസ്ഫർ അപേക്ഷ കാൻസലാകുകയും ചെയ്യൽ.
എന്നീ നടപടിക്രമങ്ങളാണ് ഒക്ടോബർ 24ന് മുമ്പ് ഹുറൂബായ തൊഴിലാളികൾ മറ്റൊരു സ്പോണ്സറിലേക്ക് മാറി സുരക്ഷിതരകാൻ ശ്രമിക്കുമ്പോൾ പൂർത്തിയാക്കേണ്ടത്.
എന്നാൽ ഒക്ടോബർ 24ന് ശേഷം (തൊഴിൽ നിയമങ്ങളിലെ പരിഷ്കാരം പ്രഖ്യാപിച്ചതിന് ശേഷം) ഹുറൂബ് കേസിൽപ്പെട്ടവർ ജോലി മാറാൻ ശ്രമിക്കുമ്പോൾ പൂർത്തിയാക്കേണ്ടത് താഴെ പറയുന്ന നടപടിക്രമങ്ങളാണ്.
1. തൊഴിലാളി ജോലിക്ക് ഹാജരാകുന്നില്ലെന്ന് തൊഴിലുടമ റിപ്പോർട്ട് ചെയ്യണം. (തൊഴിലാളി ഒളിച്ചോടിയാലും, പഴയ സ്ഥാപനത്തിൽ കരാർ കാലാവധി പൂർത്തിയാക്കി ജോലി അവസാനിപ്പിച്ചാലും)
2. തൊഴിലുടമ റിപ്പോർട്ട് ചെയ്തത് മുതൽ 60 ദിവസത്തിനുള്ളിൽ തൊഴിലാളി മറ്റൊരു തൊഴിൽ കണ്ടെത്തി സ്പോണ്സർഷിപ്പ് മാറണം. അല്ലെങ്കിൽ ഫൈനൽ എക്സിറ്റിൽ രാജ്യം വിടണം.
3. പുതിയ തൊഴിലുടമയിലേക്ക് മാറുന്നതിനായി, പുതിയ തൊഴിലുടമ തൊഴിലാളിക്ക് ട്രാൻസ്ഫർ റിക്വസ്റ്റ് അയക്കണം.
4. തൊഴിലാളി പുതിയ തൊഴിലുടമയുടെ ട്രാൻസ്ഫർ റിക്വസ്റ്റ് അംഗീകരിക്കുകയും, നിശ്ചിത ഫീസ് അടക്കുകയും വേണം.
5. തൊഴിലാളിയുടെ ട്രാൻസ്ഫർ നടപടിക്രമങ്ങൾ തൊഴിൽ മന്ത്രാലയം അംഗീകരിക്കുന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നു.