കുവൈറ്റ് സിറ്റി: ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു താമസിച്ചാല്‍ പ്രവാസികളുടെ ഇഖാമ റദ്ദാവുമെന്ന് കുവൈറ്റ് അധികൃതര്‍ വ്യക്തമാക്കി. വിസ റദ്ദാക്കാനുള്ള ശുപാര്‍ശക്ക് താമസകാര്യ വകുപ്പ് അംഗീകാരം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2022 ആഗസ്ത് ഒന്നു മുതല്‍ രാജ്യത്തിന് പുറത്തു കഴിയുന്നവര്‍ക്ക് തീരുമാനം ബാധകമാക്കിക്കൊണ്ടാണ് ഉത്തരവ്. ഇതു പ്രകാരം ഫെബ്രുവരി ഒന്നിനു മുമ്പായി പ്രവാസികള്‍ രാജ്യത്ത് തിരിച്ചെത്തിയില്ലെങ്കില്‍ അവരുടെ ഇഖാമ റദ്ദാവുമെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇത് സംബന്ധമായ സര്‍ക്കുലര്‍ ആഭ്യന്തര മന്ത്രാലയം ആറ് ഗവര്‍ണറേറ്റുകളിലെയും ജവാസാത്ത് ഓഫീസുകള്‍ക്കും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസിനും നല്‍കിയതായും പ്രാദേശിക പത്രമായ അല്‍ ജരീദ റിപ്പോര്‍ട്ട് ചെയ്തു. 2022 ഓഗസ്റ്റ് ഒന്നാം തീയ്യതി മുതലാണ് ആറു മാസത്തെ കാലാവധി കണക്കാക്കുക. രാജ്യത്തിന് പുറത്തുപോയി ആറ് മാസം കഴിഞ്ഞിട്ടും കുവൈറ്റിലേക്ക് തിരികെ എത്തിയില്ലെങ്കില്‍ അവരുടെ ഇഖാമ സ്വമേധയാ റദ്ദാവുമെന്നാണ് അറിയിപ്പ്. മന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ നിന്ന് ഇത്തരം വിസകള്‍ സ്വമേധയാ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍, അവരുടെ കുടുംബാംഗങ്ങള്‍, നിക്ഷേപകര്‍, വിദ്യാര്‍ഥികള്‍, സ്വന്തം സ്പോണ്സര്ഷിപ്പിലുള്ളവര് ഉള്‍പ്പെടെയുള്ളവര്‍ക്കും പുതിയ നിബന്ധന ബാധകമാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുവൈറ്റിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്തിന് പുറത്ത് താമസിക്കാനുള്ള പരമാവധി ദൈര്‍ഘ്യം ആറ് മാസമാണ്. എന്നാല്‍ കോവിഡ് സമയത്ത് മാനുഷിക പരിഗണന മുന്‍നിര്‍ത്തി ആറ് മാസത്തെ സമയ പരിധി കണക്കാക്കി ഇഖാമ റദ്ദാക്കുന്ന നടപടി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അക്കാലത്ത് ഗതാഗത സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കുവൈറ്റിലേക്ക് യാത്ര ചെയ്യുക പ്രയാസമായ സാഹചര്യത്തിലായിരുന്നു ഈ ഇളവ്. അതാണ് ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുന്നത്. ഇനി മുതല്‍ നേരത്തേ ഉണ്ടായിരുന്ന നിയമമാണ് ഇക്കാര്യത്തില്‍ നിലനില്‍ക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍ട്ടിക്കിള്‍ 23,24 എന്നിവ പ്രകാരം പ്രവാസികള്‍ക്ക് അനുവദിക്കുന്ന ആശ്രിത, കുടുംബ വിസകള്‍ക്കും ആര്‍ട്ടിക്കിള്‍ 17, 19 ഇഖാമക്കാര്‍ക്കും ഇതേ നിബന്ധന ബാധകമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
46 ലക്ഷം വരുന്ന കുവൈറ്റ് ജനസംഖ്യയില്‍ 34 ലക്ഷവും വിദേശികളാണ്. രാജ്യത്തിന്റെ വിഭവങ്ങള്‍ ഏറെയും ഊറ്റിക്കുടിക്കുന്നത് വിദേശികളാണെന്ന ആക്ഷേപം കുവൈറ്റില്‍ ശക്തമാണിപ്പോള്‍. എംപിമാരും ഭരണത്തില്‍ ഇരിക്കുന്നവരും ഉള്‍പ്പെടെ പ്രവാസികളുടെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന മുറവിളി കാലങ്ങളായി ഉയര്‍ത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന തൊഴില്‍ മേഖലകളില്‍ പ്രവാസികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിന് പുറമെ, 60 കഴിഞ്ഞ പ്രവാസികള്‍ക്ക് ജോലിയില്‍ തുടരാന്‍ പ്രത്യേക ഫീസും ആരോഗ്യ ഇന്‍ഷൂറന്‍സും
ഏര്‍പ്പെടുത്തിയതും ഇതിന്റെ ഭാഗമായാണ്. ഏതെങ്കിലും രീതിയിലുള്ള നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുന്ന പ്രവാസികളെ നിയമനടപടികളൊന്നുമില്ലാതെ രാജ്യത്തു നിന്ന് പുറത്താക്കുന്നതിനുള്ള നടപടികളും കുവൈറ്റ് ആരംഭിച്ചിട്ടുണ്ട്.