റിയാദ് : ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിൽ പെയ്‌മെന്റ് സേവനവും ഉൾപ്പെടുത്തി. രണ്ടു രീതികളിൽ പെയ്‌മെന്റുകൾക്ക് അബ്ശിറിൽ സൗകര്യമുണ്ട്. മദാ കാർഡും ക്രെഡിറ്റ് കാർഡുകളും വഴിയും ആപ്പിൾ പേ സേവനം വഴിയും പണമടക്കാവുന്നതാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജവാസാത്ത് സേവനങ്ങൾക്കുള്ള ഫീസുകൾ അടക്കാനുള്ള സംവിധാനമാണ് അബ്ശിറിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഡ്രൈവിംഗ് ലൈസൻസ്, വാഹന ഉടമസ്ഥാവകാശ രേഖ (ഇസ്തിമാറ), സിവിൽ അഫയേഴ്‌സ് ഡയറക്ടറേറ്റ് ഫീസുകളും ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകളും അടക്കാനുള്ള സൗകര്യങ്ങളും പിന്നീട് അബ്ശിറിൽ ഉൾപ്പെടുത്തും.
ഇഖാമ പുതുക്കൽ, റീ-എൻട്രി അനുവദിക്കൽ, പുതിയ ഇഖാമ അനുവദിക്കൽ, സൗദി പാസ്‌പോർട്ട് പുതുക്കൽ, റീ-എൻട്രി കാലാവധി ദീർഘിപ്പിക്കൽ, സ്‌പോൺസർഷിപ്പ് മാറ്റം, വാഹന ഇസ്തിമാറ പുതുക്കൽ, അപകടത്തിൽ പെടുന്ന വാഹനങ്ങൾ റിപ്പയർ ചെയ്യാനുള്ള അനുമതിപത്രം, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, വാഹനം ഓടിക്കാൻ മറ്റുള്ളവരെ നിയമാനുസൃതം ചുമതലപ്പെടുത്തൽ എന്നിവ അടക്കം 350 ലേറെ സേവനങ്ങൾ അബ്ശിർ പ്ലാറ്റ്‌ഫോം വഴി നൽകുന്നുണ്ട്. ഇത് സൗദി പൗരന്മാരുടെയും വിദേശികളുടെയും സന്ദർശകരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
അബ്ശിർ പ്ലാറ്റ്‌ഫോം വഴി 2.4 കോടിയിലേറെ ഡിജിറ്റൽ ഐ.ഡികളും ഗുണഭോക്താക്കൾ പ്രയോജനപ്പെടുത്തുന്നു.
വ്യത്യസ്ത മന്ത്രാലയങ്ങളെയും സർക്കാർ വകുപ്പുകളെയും നേരിട്ട് സമീപിക്കാതെ സേവനങ്ങൾ ഇരുപത്തിനാലു മണിക്കൂറും പ്രയോജനപ്പെടുത്താൻ അബ്ശിർ പ്ലാറ്റ്‌ഫോം സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും അവസരമൊരുക്കുന്നു. പ്രതിദിനം ശരാശരി മുക്കാൽ ലക്ഷം നടപടിക്രമങ്ങൾ അബ്ശിർ വഴി പൂർത്തിയാക്കുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നും ഡയറക്ടറേറ്റുകളിൽ നിന്നും 23 ലക്ഷത്തിലേറെ നടപടിക്രമങ്ങൾ ഓരോ മാസവും അബ്ശിർ വഴി പൂർത്തിയാക്കുന്നു.