റിയാദ്- യൂറോപ്പില്‍ നടക്കുന്ന യുദ്ധം കാരണം ലോകം വരും മാസങ്ങളില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അടുത്ത ആറ് വര്‍ഷം നല്ല കാലമായിരിക്കുമെന്നും സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ അഭിപ്രായപ്പെട്ടു. റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ് ഇനിഷ്യേറ്റീവ് ഉച്ചകോടിയുടെ രണ്ടാം ദിന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉയര്‍ന്ന പലിശനിരക്കും പണപ്പെരുപ്പവും കാരണം ലോകം പ്രയാസകരമായ സമയങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സ്ഥിരതയും ധനസഹായവും ആവശ്യമായിരിക്കുകയാണ്. പ്രശ്നങ്ങള്‍ നേരിടാന്‍ ലോകരാജ്യങ്ങള്‍ തമ്മില്‍ സഹകരണവും പരസ്പരാശ്രിതത്വവും ഉണ്ടാകണം. ചില രാജ്യങ്ങള്‍ ഉയര്‍ന്ന കടബാധ്യതയില്‍ മുങ്ങിയിരിക്കുന്നു. മേഖലയിലെ രാജ്യങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കുന്നതിന് രാജ്യം അന്താരാഷ്ട്ര സംഘടനകളുമായും ജി 20 രാജ്യങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ്. പ്രതിസന്ധിയിലകപ്പെടുന്ന രാജ്യങ്ങളെ സഹായിക്കാന്‍ സൗദി അറേബ്യ തയ്യാറാണ്. മന്ത്രി പറഞ്ഞു