റിയാദ്- ഉത്തര സൗദിയില്‍ നിയോം സിറ്റി പദ്ധതി പ്രദേശത്തെ ദി ലൈന്‍ അത്ഭുത നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി. കുന്നുകള്‍ നിറഞ്ഞ മരുഭൂ പ്രദേശത്ത് ഇപ്പോള്‍ എക്‌സ്‌കവേറ്ററുകളുടെയും ഹെവി മെഷിനറികളുടെയും സഹായത്തോടെ നിലമൊരുക്കുന്ന പണികളാണ് നടന്നുവരുന്നത്. നഗരങ്ങള്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കെട്ടിടങ്ങള്‍ നിര്‍മിച്ച് ലോകത്തെ അമ്പരപ്പിക്കാനിരിക്കുന്ന രൂപകല്‍പനയിലാണ് ദി ലൈന്‍. കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാത്ത, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രൂപപ്പെടുത്തിയ പരസ്പര ബന്ധിത സമൂഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദി ലൈന്‍ നഗരം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സ്വപ്‌ന പദ്ധതിയായാണ് അറിയപ്പെടുന്നത്.
പ്രകൃതിയുമായി പൂര്‍ണമായും താദാത്മ്യം പ്രാപിക്കുന്ന നിലയില്‍ പരിസ്ഥിതി മലിനീകരണവും ബഹളങ്ങളും പൂര്‍ണമായും ഇല്ലാതാക്കുകയും ശുദ്ധമായ ഊര്‍ജം അവലംബിക്കുകയും അതിനൂതന ഗതാഗത പോംവഴികള്‍ ആശ്രയിക്കുകയും ചെയ്യുന്ന നിലക്കാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. സൗദി അറേബ്യയുടെ മോഹ പദ്ധതിയായ നിയോമിന്റെ പ്രധാന ഭാഗമാണ് ദി ലൈന്‍ സിറ്റി പദ്ധതിയില്‍ 90 ലക്ഷം പേര്‍ താമസിക്കുമെന്നാണ് കണക്ക്.
പദ്ധതി പ്രദേശത്തെ നിവാസികള്‍ക്ക് മെഡിക്കല്‍ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, വിനോദ സൗകര്യങ്ങള്‍, ഹരിത ഇടങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളിലേക്കും അഞ്ചു മിനിറ്റു കൊണ്ട് കാല്‍നടയായി എത്തിച്ചേരാന്‍ സാധിക്കും.
അതിവേഗ ഗതാഗത പരിഹാരങ്ങള്‍ യാത്ര എളുപ്പമാക്കും. ദി ലൈന്‍ സിറ്റിയിലെ ഏറ്റവും ദൂരം കൂടിയ യാത്രക്ക് 20 മിനിറ്റ് മാത്രമേ എടുക്കൂ എന്നാണ് പ്രതീക്ഷിക്കുന്നത്. പുതുമകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ബിസിനസ് അന്തരീക്ഷവും ജീവനക്കാരുടെ അസാധാരണ ജീവിത നിലവാരവും തമ്മിലുള്ള സന്തുലിതാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള ഒരു ജീവിതം ദി ലൈന്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി നല്‍കും. അഭൂതപൂര്‍വമായ കഴിവുകളെ മുന്‍കൂട്ടി അറിയാനും അവയുമായി സംവദിക്കാനും പ്രാപ്തരാക്കുന്ന തരത്തില്‍, മനുഷ്യരുമായി ആശയവിനിമം നടത്തുന്നതിനുള്ള പ്രക്രിയ സുഗമമാക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളെ അവലംബിച്ച് ഇവിടെ പൊതുജനത്തെ പൂര്‍ണമായും നിയന്ത്രിക്കും. ഇത് താമസക്കാരുടെയും കമ്പനികളുടെയും സമയം ലാഭിക്കാന്‍ സഹായിക്കും.
ദി ലൈന്‍ സിറ്റിയിലെ സമൂഹങ്ങള്‍ പരസ്പര ബന്ധിതമായിരിക്കും. പശ്ചാത്തല വികസന ശേഷികള്‍ വര്‍ധിപ്പിക്കുന്നതിന് 90 ശതമാനം ഡാറ്റകള്‍ പദ്ധതി പ്രദേശത്ത് പ്രയോജനപ്പെടുത്തും. നിലവിലെ സ്മാര്‍ട്ട് സിറ്റികളില്‍ ഒരു ശതമാനം ഡാറ്റകളാണ് പ്രയോജനപ്പെടുത്തുന്നത്. ഭൂമിയിലെ ജീവിതത്തിന് ദി ലൈന്‍ സിറ്റി പുതിയ അര്‍ഥം നല്‍കും. ഒപ്പം പ്രകൃതിയുമായി പൊരുത്തപ്പെടുന്ന ഭാവി നഗരങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സമാനതകളില്ലാത്ത സമീപനത്തെയും പദ്ധതി പ്രതിഫലിപ്പിക്കുന്നു. 100 ശതമാനം ശുദ്ധമായ ഊര്‍ജത്തെ ലൈന്‍ സിറ്റി പദ്ധതി ആശ്രയിക്കും. ലോകത്തെ ഏറ്റവും വലിയ വിസ്മയ പദ്ധതിയെന്നാണ് ദി ലൈനിനെ ലോക മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.