.
റിയാദ്- ദക്ഷിണ കൊറിയക്ക് സമാനമായി സൗദി അറേബ്യ വ്യവസായ മേഖലയിൽ കുതിച്ചുചാട്ടം നടത്തുമെന്നും 2035 ഓടെ രാജ്യത്തെ വ്യവസായ ശാലകളുടെ എണ്ണം 36,000 ആയി ഉയരുമെന്നും സൗദി വ്യവസായ, ധാതുവിഭവ ശേഷി സഹമന്ത്രി എൻജിനീയർ ഉസാമ അൽസാമിൽ.
ഇതിൽ പ്രതിവർഷം മൂന്നു ലക്ഷം കാറുകൾ നിർമിക്കുന്ന രണ്ടു ഫാക്ടറികളും ഉൾപ്പെടും. വ്യവസായ ദേശീയ സ്ട്രാറ്റജി ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2035 ൽ ബയോ മെഡിസിൻ, മെഡിക്കൽ വാക്‌സിൻ എന്നിവ നിർമിക്കുന്ന മൂന്നു വൻകിട കമ്പനികളും വിമാനങ്ങൾ അസംബിൾ ചെയ്യുന്ന നാലു കമ്പനികളും എട്ട് ലോഹ ഫാക്ടറികളും കൂടാതെ ഐ.ടി മേഖലയിൽ 15 ഫാക്ടറികളും പദ്ധതിയിലുണ്ട്.
വ്യാവസായിക ആഭ്യന്തര ഉൽപാദനം മൂന്നിരട്ടിയായി 895 ബില്യൺ റിയാലിലെത്തുമെന്നും വ്യാവസായിക കയറ്റുമതി മൂല്യം ഇരട്ടിയായി 557 ബില്യൺ റിയാലായി വർധിക്കുന്നതിനാൽ 25 വർഷത്തിനുള്ളിൽ ദക്ഷിണ കൊറിയയിൽ എത്തിയത് അടുത്ത 13 വർഷത്തിനുള്ളിൽ സൗദിയിൽ എത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാവസായിക മേഖലയിലെ അധിക നിക്ഷേപങ്ങളുടെ ആകെ മൂല്യം 1.3 ട്രില്യൺ റിയാലിലെത്തുകയും ഒരു ട്രില്യൺ റിയാലിന്റെ 800 ലധികം നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. നൂതന സാങ്കേതിക ഉൽപന്നങ്ങളുടെ കയറ്റുമതി ആറിരട്ടിയായി വർധിപ്പിക്കും. ഇതുവഴി പതിനായിരക്കണക്കിന് പേർക്ക് തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഷൻ 2030 പ്രഖ്യാപനത്തിന് ശേഷം വ്യാവസായിക ഫണ്ടിൽ നൽകിയത് 75.4 ബില്യൺ റിയാൽ ആണ്. 2016 വരെ നൽകിയതിനേക്കാൾ കൂടുതലാണിത്. ഈ ധനസഹായത്തിന്റെ 79 ശതമാനവും ചെറുകിട, ഇടത്തരം പ്രോജക്റ്റുകൾക്കും നഗരപ്രദേശങ്ങൾക്ക് 40% വും നൽകി -അദ്ദേഹം പറഞ്ഞു