ചോദ്യം : ഫൈനൽ എക്സിറ്റ് അടിച്ചശേഷം സ്പോൺസർഷിപ് മാറാൻ സാധിക്കുമോ?
ഉത്തരം: സൗദി ഇമിഗ്രേഷൻ നിയമ പ്രകാരം ഫൈനൽ എക്സിറ്റ് അടിച്ച ശേഷം 60 ദിവസം കൂടി രാജ്യത്തു തങ്ങാം. അതിനുള്ളിൽ രാജ്യം വിടണമെന്നാണ് നിയമം. ഇനി 60 ദിവസത്തിനുള്ളിൽ പോകാതിരിക്കുകയും ഫൈനൽ എക്സിറ്റ് റദ്ദാക്കുകയും ചെയ്യാതിരുന്നാൽ ആയിരം റിയാൽ പിഴ നൽകേണ്ടിവരും. 60 ദിവസത്തിനുള്ളിലാണെങ്കിൽ സ്പോൺസർക്ക് അദ്ദേഹത്തിന്റെ അബ്ശിർ അല്ലെങ്കിൽ മുഖീം അക്കൗണ്ട് വഴി എക്സിറ്റ് റദ്ദാക്കാം. അപ്പോൾ പിഴ നൽകേണ്ടതില്ല. പക്ഷെ ഇഖാമക്ക് കാലാവധി ഉണ്ടായിരിക്കണം. ഇഖാമയുടെ കാലാവധി കഴിഞ്ഞതാണെങ്കിൽ ആദ്യം ഇഖാമ പുതുക്കണം. അതിനു ശേഷമേ ഫൈനൽ എക്സിറ്റ് റദ്ദാക്കാനാകൂ. ഇഖാമയുടെ കാലാവധി കഴിഞ്ഞതാണെങ്കിൽ ആദ്യം കാലാവധി കഴിഞ്ഞതിനുള്ള പിഴ 500 റിയാലും ഫൈനൽ എക്സിറ്റിൽ അനുവദിക്കപ്പെട്ട ദിവസത്തിനു ശേഷമാണ് റദ്ദാക്കുന്നതെങ്കിൽ അതിന്റെ പിഴയായ ആയിരം റിയാലും അടക്കണം. കാലാവധി കഴിഞ്ഞ ഇഖാമയാണെങ്കിൽ അതു പുതുക്കി ഫൈനൽ എക്സിറ്റ് റദ്ദാക്കിയ ശേഷം പുതിയ സ്പോൺസറുടെ കീഴിലേക്ക് മാറാം.
ചോദ്യം : പുതിയ തൊഴിൽ വിസയിൽ വന്നിട്ട് രണ്ടുമാസം പിന്നിട്ടു. ഇതുവരെ ഇഖാമ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഫൈൻ വരാൻ ഇടയുണ്ടോ?
ഉത്തരം: സൗദിയിലെ തൊഴിൽ നിയമ പ്രകാരം 90 ദിവസം പരിശീലന കാലാവധിയാണ്. ഇതിനിടെ തൊഴിലാളിക്ക് ജോലി ഇഷ്ടപ്പെട്ടില്ലെങ്കിലും സ്പോൺസർക്ക് തൊഴിലാളിയുടെ ജോലി ഇഷ്ടപ്പെട്ടില്ലെങ്കിലും കരാർ റദ്ദാക്കാം. പരിശീലന കാലാവധിയിൽ ഇരു പാർട്ടികൾക്കും പരസ്പരം സംതൃപ്തി കൈവന്നുവെങ്കിൽ മാത്രെമ കരാർ പ്രാബല്യത്തിലാവൂ. 90 ദിവസം കഴിഞ്ഞും സ്പോൺസർ ഇഖാമ ഇഷ്യു ചെയ്തില്ലെങ്കിൽ പിന്നീട് ഇഖാമ എടുക്കും നേരം സ്പോൺസർ പിഴയായി 500 റിയാൽ നൽകേണ്ടി വരും. തൊഴിലാളിയുടെ മേൽ പിഴ ചുമത്തപ്പെടില്ല.