റിയാദ്: വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാൻ സാധിക്കുക ഒരു സാഹചര്യത്തിൽ മാത്രമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. മാതാപിതാക്കൾ നിയമാനുസൃത ഇഖാമകളിൽ സൗദിയിൽ കഴിയുന്നവരാണെങ്കിൽ 18 വയസിൽ കുറവ് പ്രായമുള്ള കുട്ടികളുടെ വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാൻ സാധിക്കും. മറ്റു സാഹചര്യങ്ങളിലൊന്നും വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാൻ കഴിയില്ല.
വിസിറ്റ് വിസക്കാരെ റിക്രൂട്ട് ചെയ്ത ആതിഥേയന്റെ പേരിൽ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ ഒടുക്കാതെ ശേഷിക്കുന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി വിസിറ്റ് വിസകൾ ദീർഘിപ്പിക്കുന്നതിന് പ്രതിബന്ധമാകില്ല. ആകെ വിസാ കാലാവധി 180 ദിവസത്തിൽ കവിയാത്ത നിലക്കാണ് വിസിറ്റ് വിസകൾ ദീർഘിപ്പിച്ചു നൽകുക.
വിസാ കാലാവധി അവസാനിച്ച് മൂന്നു ദിവസത്തിനു ശേഷം വിസ ദീർഘിപ്പിക്കാൻ വൈകിയതിനുള്ള പിഴ ചുമത്തും.
വിസിറ്റ് വിസ കാലാവധി അവസാനിക്കുന്നതിന് ഏഴു ദിവസം മുമ്പ് ആതിഥേയന്റെ അബ്ശിർ പ്ലാറ്റ്‌ഫോം അക്കൗണ്ടു വഴി വിസ ദീർഘിപ്പിക്കാൻ സാധിക്കും. വിസ ദീർഘിപ്പിക്കുന്നതിന് അനുസൃതമായി വിസിറ്റ് വിസക്കാരന് മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.