ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ വളർച്ച ലക്ഷ്യമിട്ട് സൗദി അറാംകോ നടപ്പാക്കുന്ന തലീദ് പ്രോഗ്രാമിന്റെ പ്രഖ്യാപന ചടങ്ങ്
റിയാദ് – ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ വളർച്ച ലക്ഷ്യമിട്ട് തലീദ് എന്ന പേരിൽ പുതിയ പദ്ധതിക്ക് ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകോ തുടക്കം കുറിച്ചു.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ വളർച്ചയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇത്തരം സ്ഥാപനങ്ങളുടെ സംഭാവന വർധിപ്പിക്കാനും നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്തി സൗദിയിൽ സാമ്പത്തിക വികസനത്തിന് പിന്തുണ നൽകാനുമാണ് തലീദ് പദ്ധതിയിലൂടെ അറാംകോ ലക്ഷ്യമിടുന്നത്. 20 പദ്ധതികളിലൂടെ വിവിധ മേഖലകളിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ സുസ്ഥിര വളർച്ച കൈവരിക്കാൻ തലീദ് പദ്ധതി ലക്ഷ്യമിടുന്നു.
കൂടതൽ വൈവിധ്യമാർന്ന പ്രാദേശിക ഉള്ളടക്കവും സാമ്പത്തിക മൂല്യവും സൃഷ്ടിക്കാൻ സഹായിക്കുന്ന ശേഷി വികസനം, തന്ത്രങ്ങൾ രൂപീകരിക്കൽ, പരിശീലനം, വിപണി പ്രവേശനം, ഉപദേശക സേവനങ്ങൾ, ബിസിനസ് ആസൂത്രണം എന്നീ മേഖലകളിൽ തലീദ് പ്രോഗ്രാം വിപുലമായ പിന്തുണ നൽകുന്നു. 300 കോടിയിലേറെ മൂലധനത്തോടെ, സ്വകാര്യ മേഖല പങ്കാളികളുമായി സഹകരിച്ച് അഞ്ചു ഫണ്ടുകളിലൂടെ നിലവിലുള്ളതും പുതിയതുമായ സ്ഥാപനങ്ങൾക്ക് ധനസഹായവും സാമ്പത്തിക പരിഹാരങ്ങളും നൽകാൻ പ്രോഗ്രാം ലക്ഷ്യമിടുന്നു.
സുസ്ഥിരത, ഡിജിറ്റൈസേഷൻ, വ്യാവസായികവൽക്കരണം, വ്യാവസായിക സേവനങ്ങൾ, സാമൂഹിക നവീകരണം എന്നീ മേഖലകളിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ വികസനത്തിന് ഈ ഫണ്ടുകൾ പിന്തുണ നൽകും. തലീദ് പ്രോഗ്രാം നടപ്പാക്കാൻ നിരവധി വകുപ്പുകളുമായി അറാംകോ സഹകരിക്കും. ചെറുകിട, ഇടത്തരം പദ്ധതികൾക്കായി ഒരു ബിസിനസ് സംവിധാനം വികസിപ്പിക്കാനുള്ള സാധ്യത പഠിക്കാൻ സർക്കാർ, സ്വകാര്യ മേഖലയിലെ മുൻനിര പങ്കാളികളുമായി അറാംകോ ഇതിനകം 30 ധാരണാപത്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്.
വികസിത രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥകളിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ പ്രധാന പങ്ക് വഹിക്കുന്നതായി സൗദി അറാംകോ പ്രസിഡന്റും സി.ഇ.ഒയുമായ എൻജിനീയർ അമീൻ അൽനാസിർ പറഞ്ഞു. വിഷൻ 2030 പദ്ധതി ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. നിരവധി സാമ്പത്തിക അവസരങ്ങൾ നൽകുന്ന വൻകിട പദ്ധതികൾ വരും വർഷങ്ങളിൽ സൗദി അറാംകോ നടപ്പാക്കും. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുമായി അറാംകോക്ക് ദീർഘകാലത്തെ ബിസിനസ് ബന്ധങ്ങളുണ്ട്. സൗദി യുവതീയുവാക്കൾക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിലും ഇന്നൊവേഷൻ വർധിപ്പിക്കുന്നതിലും സൗദിയിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ വിപുലീകരണം നൽകുന്ന നേട്ടങ്ങളെ കുറിച്ച് കമ്പനിക്ക് പൂർണ ബോധ്യമുണ്ട്.
സൗദിയിൽ ബിസിനസ് മേഖലയിൽ ശ്രദ്ധേയവും ഗുണപരവുമായ സ്വാധീനം ചെലുത്താൻ തലീദ് പ്രോഗ്രാമിലൂടെ ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി അടക്കം നിരവധി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സംയോജിത ചട്ടക്കൂടിൽ അറാംകോ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സൗദി അറാംകോയുടെ പ്രവർത്തനങ്ങളിൽ വിതരണ ശൃംഖലകളെയും വിശ്വാസ്യതയെയും പിന്തുണക്കാനും പ്രാദേശിക ഉള്ളടക്കത്തിന്റെ അനുപാതം വർധിപ്പിക്കാനും ഇത് സഹായിക്കും. വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ചെറുകിട, ഇടത്തരം മേഖല വലിയ വളർച്ച കൈവരിക്കുമെന്നും ഈ മേഖലയിൽ തലീദ് പ്രോഗ്രാമിന് വലിയ കാൽപാടുകളുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് എൻജിനീയർ അമീൻ അൽനാസിർ പറഞ്ഞു