ജിദ്ദ – ജിദ്ദ നഗരസഭക്കു കീഴിലെ അൽഖോസ് ബലദിയ പരിധിയിൽ താമസ സ്ഥലം കേന്ദ്രീകരിച്ച് ആക്രി ശേഖരിച്ച് വിൽപന നടത്തുന്ന മേഖലയിൽ പ്രവർത്തിച്ച തൊഴിൽ നിയമ ലംഘകരായ ബംഗ്ലാദേശുകാരെ നഗരസഭാധികൃതരും സുരക്ഷ വകുപ്പുകളും ചേർന്ന് പിടികൂടി. ഇവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചു.
ബംഗ്ലാദേശുകാരുടെ താമസ സ്ഥലത്ത് കണ്ടെത്തിയ മൂന്നു ടൺ ആക്രിവസ്തുക്കൾ അധികൃതർ പിടിച്ചെടുത്തു.
ബിസിനസ് ഏരിയയോ വ്യവസായ പ്രദേശമോ അല്ലാത്ത, ജനവാസ പ്രദേശങ്ങളിൽ ഇത്തരം ബിസിനസുകൾ നടത്തുന്നത് നിയമ ലംഘനമാണെന്ന് അൽഖോസ് ബലദിയ മേധാവി എൻജിനീയർ മുഹമ്മദ് ബിൻ അബ്ദു ബനാൻ പറഞ്ഞു.
ജനവാസ കേന്ദ്രങ്ങളിൽ ഇത്തരം ബിസിനസുകൾ നടത്തുന്നത് പരിസ്ഥിതിക്ക് ദോഷകരമാണ്. നിയമ ലംഘനങ്ങൾ കണ്ടെത്തി നിയമ ലംഘകർക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കാൻ ഫീൽഡ് പരിശോധനകൾ തുടരുമെന്നും എൻജിനീയർ മുഹമ്മദ് ബിൻ അബ്ദു ബനാൻ പറഞ്ഞു