റിയാദ് – സൗദിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കാത്തുകഴിയുന്ന 25,000 ഓളം വൃക്ക രോഗികളുള്ളതായി നെഫ്രോളജി ആന്റ് കിഡ്നി ട്രാൻസ്പ്ലാന്റേഷൻ കൺസൾട്ടന്റ് ഡോ. ഫാദിൽ അൽറുവൈഇ പറഞ്ഞു. ഈ പശ്ചാത്തലത്തിൽ രാജ്യത്ത് അവയവദാന സംസ്കാരം പ്രോത്സാഹിപ്പിക്കണം. സൗദിയിൽ 25,000 ഓളം വൃക്ക രോഗികൾ ഡയാലിസിസിലൂടെയാണ് ജീവൻ നിലനിർത്തുന്നത്. ഇവർക്കുള്ള അന്തിമ ചികിത്സ വൃക്ക മാറ്റിവെക്കലാണ്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കും. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് മറ്റു തടസ്സങ്ങളൊന്നുമില്ലാത്തവർ രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് വൃക്ക ദാതാവിനെ കണ്ടെത്തുകയാണ് വേണ്ടത്.
സ്വദേശികളായ വൃക്ക രോഗികൾക്ക് വൃക്ക ദാനം ചെയ്യുന്നവർ സൗദികളായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ രോഗികളുടെ ബന്ധുക്കളായ വൃക്ക ദാതാക്കൾക്ക് ഇക്കാര്യത്തിൽ ഇളവ് നൽകുന്നുണ്ട്. ഏറ്റവും നല്ലത് സ്വന്തം കുടുംബങ്ങളിൽ നിന്നുള്ളവർ വൃക്ക ദാനം ചെയ്യുന്നതാണ്.
പണം മോഹിക്കാതെ ദൈവിക പ്രീതി മാത്രം കാംക്ഷിച്ചാകണമെന്ന വ്യവസ്ഥയോടെ സുഹൃത്തുക്കളെയും ബന്ധുക്കളല്ലാത്തവരെയും വൃക്ക ദാനം ചെയ്യാൻ ഇപ്പോൾ അനുവദിക്കുന്നുണ്ട്.
രക്തഗ്രൂപ്പിനും കോശങ്ങൾക്കും അനുസരിച്ച് യോജിക്കുന്ന വൃക്ക ദാതാവിനെ കണ്ടെത്താൻ കഴിയാത്ത പക്ഷം എക്സ്ചേഞ്ച് പ്രോഗ്രാം പ്രയോജനപ്പെടുത്താവുന്നതാണ്. എക്സ്ചേഞ്ച് പ്രോഗ്രാമും വിജയിക്കാത്ത പക്ഷം മസ്തിഷ്ക മരണം സംഭവിക്കുന്നവരുടെ വൃക്ക ലഭിക്കാൻ വേണ്ടി ഇത്തരക്കാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തും.
വൃക്ക രോഗമോ മറ്റു ആരോഗ്യ പ്രശ്നങ്ങളോ സംഭവിച്ചേക്കുമെന്ന് ഭയന്ന് ബന്ധുക്കളിൽ ഒരാളുടെ വൃക്ക സ്വീകരിക്കാൻ രോഗി വിസമ്മതിക്കുന്നതാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഏറ്റവും വലിയ വിലങ്ങുതടിയായി മാറുന്നത്.
ശസ്ത്രക്രിയയുടെ വിജയം ഉറപ്പു വരുത്താൻ മുഴുവൻ നടപടിക്രമങ്ങളും സ്വീകരിച്ചാണ് ദാതാവിൽ നിന്ന് വൃക്ക നീക്കം ചെയ്യുക. ആരോഗ്യപരമായും വൈദ്യശാസ്ത്രപരമായും ദാനം ചെയ്യാൻ അനുമതിയുള്ളവർ നടത്തുന്ന ദാനം തീർത്തും സുരക്ഷിതമാണ്.
സ്വന്തം മകളുടെ വൃക്ക സ്വീകരിക്കുന്നത് മകളുടെ വിവാഹത്തിനും കുട്ടികളുണ്ടാകാനും പ്രതിബന്ധമായി മാറുമെന്ന് ചില രോഗികൾ തെറ്റിദ്ധരിക്കുന്നു. യാതൊരുവിധ പ്രശ്നങ്ങളും കൂടാതെ സ്ത്രീകൾക്കും വൃക്ക ദാനം ചെയ്യാൻ സാധിക്കും. കുടുംബത്തിൽ നിന്നുള്ള ഒരാൾ വൃക്ക ദാനം ചെയ്യാൻ മുന്നോട്ടു വരുന്നത് മസ്തിഷ്ക മരണം സംഭവിക്കുന്ന രോഗിയുടെ വൃക്ക ലഭിക്കുന്നതു വരെ കാത്തിരിക്കേണ്ട സാഹചര്യം ഇല്ലാതാക്കും.
വൃക്ക രോഗികളുടെ എണ്ണക്കൂടുതൽ കാരണം മസ്തിഷ്ക മരണം സംഭവിക്കുന്ന രോഗിയുടെ വൃക്ക ലഭിക്കാൻ പത്തു വർഷം വരെ കാത്തിരിക്കേണ്ടിവരുമെന്നും ഡോ. ഫാദിൽ അൽറുവൈഇ പറഞ്ഞു.