തുറൈഫ്- വ്യാജ ടാക്‌സി വേട്ടയിൽ നിരവധി പേർ അറസ്റ്റിൽ. ഇവരെ പിഴയീടാക്കി ഉടൻ നാടുകടത്തും. ഒക്ടോബർ 17 തിങ്കളാഴ്ച മുതൽ തുറൈഫ് നഗരത്തിൽ പോലീസ് ആരംഭിച്ച അനധികൃത ടാക്‌സി വേട്ടയിൽ ഒരു ഡസനിലധികം പേരാണ് പോലീസിന്റെ വലയിലായത്. പിടിക്കപ്പെട്ട എല്ലാവരെയും ഉടനടി നേരിട്ട് അറാറിലെ തർഹീൽ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
പോലീസ് സാധാരണ ഒരാളെ പിടിച്ചാൽ തുറൈഫ് പോലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോകുന്നത്. എന്നാൽ ഇത് നേരിട്ട് തന്നെ അറാറിലേക്കും പിന്നീട് റിയാദിലേക്കോ തബൂക്കിലേക്കോ മാറ്റി അവിടുന്ന് അതാത് രാജ്യങ്ങളിലേക്ക് കയറ്റി വിടുകയാണ്. ഇവിടെ നഗരത്തിൽ പതിറ്റാണ്ടുകളായി നിരവധി വ്യാജ ടാക്‌സിക്കാർ പ്രവർത്തിക്കുന്നുണ്ട്.
പാക്കിസ്ഥാനികൾ, ബംഗ്ലാദേശികൾ, സിറിയക്കാർ, ഈജിപ്തുകാർ, സുഡാനികൾ, യെമനികൾ തുടങ്ങി വിവിധ രാജ്യക്കാർക്ക് പുറമെ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരുമുണ്ട്. കോളേജ്, സ്‌കൂൾ, ഓഫീസുകൾ, ആശുപത്രികൾ, മാർക്കറ്റ്, എയർപോർട്ട് തുടങ്ങി വ്യത്യസ്ത സ്ഥലങ്ങളിലേക്ക് സ്ത്രീകൾ, കുട്ടികൾ, യാത്രക്കാർ എന്നിവരെ കൊണ്ടുപോയി വിടുക, തിരിച്ചെടുക്കുക എന്നിവയാണ് ഇവർ ചെയ്യുന്ന ജോലികൾ.
മാത്രമല്ല ഹോട്ടലുകൾ, ബൂഫിയകൾ, മറ്റു ഭക്ഷണ ശാലകൾ എന്നിവടങ്ങളിൽ നിന്ന് ഭക്ഷണം എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു. ഈ മേഖലയിൽ കുറഞ്ഞത് പ്രതിമാസം 4000 മുതൽ 8000 റിയാൽ വരെയെങ്കിലും സമ്പാദിക്കുന്നവരുണ്ടെന്നാണ് കണക്ക്. ഇങ്ങനെയുള്ള അധിക ടാക്‌സി ഡ്രൈവർമാരും ഇഖാമയുടെ ചെലവ് ഏറ്റവും കുറഞ്ഞ ഹൗസ് ഡ്രൈവർ, വീട്ടുവേലക്കാർ എന്നീ പ്രൊഫഷനിൽ ഉള്ളവരാണ്. കുറഞ്ഞ ചെലവും സാമാന്യം നല്ല വരുമാനവും ലഭിക്കുന്ന തൊഴിൽ മേഖലയായി വ്യാജ ടാക്‌സിയെ കണ്ടവരാണ് പിടിയിലായത്. എന്നാൽ, അനധികൃത ടാക്‌സിക്കാർക്കായി പോലീസ് വല വീശിയതറിഞ്ഞ് ജോലി നിർത്തി റൂമുകളിൽനിന്ന് പുറത്തിറങ്ങാതെ കഴിയുകയാണ് മലയാളികളടക്കമുള്ള നല്ലൊരു വിഭാഗം.