റിയാദ്: വിമാനങ്ങള്‍ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്രാ ടിക്കറ്റുകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നത് അടക്കമുള്ള നിരവധി ആനുകൂല്യങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് ഉറപ്പുവരുത്തുന്ന തസ്ഹീലാത്ത് കാര്‍ഡുമായി സൗദി അറേബ്യ.
സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലുള്ള ഏജന്‍സി ഫോര്‍ റീലാബിലിറ്റേഷന്‍ ആന്റ് സോഷ്യല്‍ ഗൈഡന്‍സാണ് ഭിന്നശേഷിക്കാരായ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്‍ഡ് പുറത്തിറക്കിയത്. മന്ത്രാലയത്തിന്റെ തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി ഇലക്ട്രോണിക് കാര്‍ഡുകള്‍ സ്വന്തമാക്കാന്‍ കഴിയും. സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി, അതോറിറ്റി ഓഫ് പീപ്പിള്‍സ് വിത്ത് ഡിസെബിലിറ്റീസ്, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഏജന്‍സി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇംഗ്ലീഷിലും അറബിയിലുമുള്ള കാര്‍ഡുകള്‍ വിദേശങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കും. യാത്രാ ടിക്കറ്റ് ഡിസ്‌കൗണ്ട് കാര്‍ഡ് (ഇര്‍കബ്), ട്രാഫിക് പാര്‍ക്കിംഗ് കാര്‍ഡ് (മൗഖിഫ്), ഓട്ടിസം കാര്‍ഡ് എന്നീ സ്മാര്‍ട്ട് കാര്‍ഡുകളെ തസ്ഹീലാത്ത് എന്ന ഒറ്റ കാര്‍ഡില്‍ ലയിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
സര്‍ക്കാര്‍ ഗതാഗത സംവിധാനങ്ങളില്‍ 50 ശതമാനം ഇളവ്, പൊതുസ്ഥാപനങ്ങളുടെയും സൗകര്യങ്ങളുടെയും പാര്‍ക്കിംഗുകളിലേക്കുള്ള പ്രവേശനം, വികലാംഗര്‍ക്കുള്ള പാര്‍ക്കിംഗുകളില്‍ ഒരുവിധ നിയന്ത്രണങ്ങളും കൂടാതെ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം അടക്കമുള്ള ഇളവുകളും ആനുകൂല്യങ്ങളും തസ്ഹീലാത്ത് കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും. ഓട്ടിസം ബാധിച്ചവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും മുന്‍ഗണന, പൊതുസ്ഥലങ്ങളില്‍ സഞ്ചാരത്തിന് മുന്‍ഗണന എന്നിവയും തസ്ഹീലാത്ത് കാര്‍ഡുകള്‍ വഴി സ്വന്തമാക്കാം.
ടിക്കറ്റ് ഡിസ്‌കൗണ്ട് കാര്‍ഡ്, തസ്ഹീലാത്ത് ട്രാഫിക് പാര്‍ക്കിംഗ് കാര്‍ഡ്, ഓട്ടിസം കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒരു കാര്‍ഡ് കൈവശമുള്ളവര്‍ പുതിയ തസ്ഹീലാത്ത് കാര്‍ഡിന് വീണ്ടും അപേക്ഷിക്കേണ്ടതില്ല. പകരം ആ കാര്‍ഡ് തന്നെ ഉപയോഗിച്ചാല്‍ ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. നിലവില്‍ ഈ കാര്‍ഡുകള്‍ ലഭിക്കാത്തവര്‍ക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഇ-സര്‍വീസസ് ലിങ്ക് വഴി (https://eservices.mlsd.gov.sa/) തസ്ഹീലാത്ത് കാര്‍ഡ് നേടാന്‍ സാധിക്കും.