ജിദ്ദ – നഗരത്തിലെ കടലോരങ്ങളിൽ വാരാന്ത്യങ്ങളിൽ വഴിവാണിഭവും നിയമ വിരുദ്ധ ബിസിനസുകളും നടത്തിയ പതിനെട്ടു നിയമ ലംഘകരെ സുരക്ഷാ വകുപ്പുകളും ജിദ്ദ നഗരസഭയും ചേർന്ന് പിടികൂടി. വഴിവാണിഭക്കാർക്കു പുറമെ സന്ദർശകർക്ക് ഭീഷണി സൃഷ്ടിച്ച് ക്വാഡ് ബൈക്കുകളും കുതിരകളെയും വാടകക്ക് നൽകുന്ന മേഖലയിൽ പ്രവർത്തിച്ചവരുമാണ് പിടിയിലായത്. ഇവരുടെ ക്വാഡ് ബൈക്കുകളും കുതിരകളെയും അധികൃതർ കസ്റ്റഡിയിലെടുത്തു. വഴിവാണിഭക്കാരുടെ സ്റ്റാളുകളും ഇവിടങ്ങളിൽ വിൽപനക്ക് പ്രദർശിപ്പിച്ചിരുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങളും പിടിച്ചെടുത്തു.
അതിനിടെ, ജിദ്ദ നഗരസഭക്കു കീഴിലെ അൽമതാർ ബലദിയ പരിധിയിൽ റോഡുകളിലും പൊതുസ്ഥലങ്ങളിലും വഴിവാണിഭക്കാർ വിൽപനക്ക് പ്രദർശിപ്പിച്ച 5.5 ടണ്ണിലേറെ പച്ചക്കറികളും പഴവർഗങ്ങളും നഗരസഭാധികൃതർ പിടിച്ചെടുത്തു. വഴിവാണിഭക്കാരുടെ 15 സ്റ്റാളുകളും ഉന്തുവണ്ടികളും റെയ്ഡിനിടെ പിടിച്ചെടുത്തതായും അൽമതാർ ബലദിയ മേധാവി ഫഹദ് അൽസഹ്റാനി അറിയിച്ചു.
മറ്റൊരു സംഭവത്തിൽ, മക്ക നഗരസഭക്കു കീഴിലെ അൽശറായിഅ് ബലദിയ പരിധിയിൽ വഴിവാണിഭക്കാർ വിൽപനക്ക് പ്രദർശിപ്പിച്ച ഒരു ടണ്ണിലേറെ ഉൽപന്നങ്ങൾ മക്ക നഗരസഭയും കഴിഞ്ഞ ദിവസം പിടികൂടി. നിയമ ലംഘകർക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചു. സൗത്ത് മക്ക ബലദിയ പരിധിയിൽ ദീർഘ കാലമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ റോഡുകളിലും പൊതുസ്ഥലങ്ങളിലും നിർത്തിയിട്ട 150 ഓളം കാറുകളിൽ നീക്കം ചെയ്യുന്നതിനു മുന്നോടിയായ അധികൃതർ വാണിംഗ് സ്റ്റിക്കറുകൾ പതിച്ചു. അൽഉതൈബിയ ബലദിയ പരിധിയിൽ 550 ചതുരശ്രമീറ്റർ സ്ഥലത്തെ അനധികൃത കൈയേറ്റങ്ങൾ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് നഗരസഭാധികൃതർ ഒഴിപ്പിച്ച് നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു.