റിയാദ്: ഫിഫ ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡുമായി സൗദിയില്‍ വരുന്നവര്‍ക്ക് സൗജന്യമായി ഉംറ തീര്‍ഥാടനം നിര്‍വഹിക്കുന്നതിനും പ്രവാചക നഗരിയായ മദീന സന്ദര്‍ശിക്കുന്നതിനും അനുമതി നല്കാന് സൗദി അധികൃതര്‍ തീരുമാനിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നവംബര്‍ 11 മുതല്‍ ഡിസംബര്‍ 18 വരെയുള്ള തീയതികളിലാണ് ഇതിന് അനുമതിയുള്ളത്. ഹയ്യാ കാര്‍ഡില്‍ വരുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിനും മദീന സന്ദര്‍ശനത്തിനും പ്രത്യേക വിസയോ ഫീസോ ആവശ്യമില്ല. അല്‍ ഇഖ്ബാരിയ്യ വാര്‍ത്താ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് നവംബര്‍ 11 മുതല്‍ ജനുവരി 11 വരെയുള്ള രണ്ട് മാസക്കാലം സൗദിയില്‍ താമസിക്കാനും അനുമതി ഉണ്ടായിരിക്കും. വിദേശകാര്യ മന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വിസാസ് അസിസ്റ്റന്റ് ഡയരക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ശമ്മാരി വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് മാസത്തിനിടയില്‍ എത്ര തവണ വേണമെങ്കിലും രാജ്യത്തിനു പുറത്തേക്കും അകത്തേക്കും യാത്ര ചെയ്യാനും അനുമതി ഉണ്ടായിരിക്കും. ഈ കാലയളവിലേക്കുള്ള വിസ സൗജന്യമായിരിക്കും. എന്നാല്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണെന്നും അദ്ദേഹം അറിയിച്ചു.
ഫുട്ബോള്‍ ആരാധകര്‍ക്ക് സൗദിയിലേക്ക് വിസ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ഇ-സേവനങ്ങള്‍ക്കുള്ള ഫീസ് ഒഴിവാക്കി നല്കാന് സൗദി മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കൂടുതല്‍ ഫുട്ബോള്‍ ആരാധകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടി. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ഇന്നലെ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. ലോകകപ്പ് മത്സരങ്ങള്‍ക്ക് ടിക്കറ്റ് എടുത്തവര്‍ക്കാണ് ഹയ്യാ കാര്‍ഡ് ലഭിക്കുക. ഖത്തറില്‍ സ്റ്റേഡിയങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ സൗജന്യമാണ്.
ഖത്തര്‍ ലോകകപ്പിന്റെ ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് സൗദിയിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും മറ്റും ഉതകുന്ന രീതിയില്‍ 60 ദിവസത്തെ വിസ അനുവദിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള ഫീസ് ഒഴിവാക്കി നല്‍കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഹയ്യാ കാര്‍ഡ് ഉള്ളവര്‍ക്ക് സൗജന്യമായി ഉംറ തീര്‍ഥാടനം നിര്‍വഹിക്കാനും മദീനയിലെ റൗദാ ശരീഫ് ഉള്‍പ്പെടെ സന്ദര്‍ശിക്കാനും പുതുതായി അനുമതി നല്‍കിയിരിക്കുന്നത്. ഇത് കൂടുതല്‍ പേരെ രാജ്യത്തേക്ക് ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ലോകകപ്പ് ടൂര്‍ണമെന്റ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് മുതല്‍ 60 ദിവസ എന്‍ട്രി വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ഹയ്യാ കാര്‍ഡ് ഉടമകള്‍ സാധിക്കും. നവംബര്‍ 20നാണ് മല്‍സരങ്ങള്‍ തുടങ്ങുക. വിസ അനുവദിക്കുന്നതിനായുള്ള യൂനിഫൈഡ് നാഷനല്‍ പ്ലാറ്റ്ഫോം വഴി ഓണ്‍ലൈനായി വേണം വിസയ്ക്ക് അപേക്ഷ നല്കാന്. ഈ വിസയുള്ളവര്‍ സൗദി അറേബ്യയിലേക്ക് വരുന്നതിന് മുമ്പ് ഖത്തറില്‍ പ്രവേശിക്കണമെന്ന് നിബന്ധനയില്ല. നേരിട്ട് സൗദിയിലേക്ക് വന്നതിന് ശേഷം ഖത്തറിലേക്ക് പോയാല്‍ മതിയാവും.
ഫുട്ബോള്‍ ആരാധകരെ ദോഹയിലേക്കും തിരിച്ചും എത്തിക്കാന്‍ വിപുലമായ യാത്രാ സംവിധാനങ്ങളും സൗദി അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ വിമാന കമ്പനിയായ സൗദിയക്കു കീഴിലെ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ അദീല്‍ പ്രതിദിനം 38 സര്‍വീസുകള്‍ വീതം നടത്തും. മറ്റ് വിമാന സര്‍വീസുകള്‍ക്ക് പുറമെയാണിത്. സൗദിയില്‍ നിന്ന് കരമാര്‍ഗം ഖത്തറിലേക്കുള്ള യാത്രാ മാര്‍ഗമായ സല്‍വ ക്രോസിംഗ് വഴിയുള്ള യാത്ര എളുപ്പമാക്കുന്നതിന് ഇവിടെ വലിയ തോതില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.