17 ടൺ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു
ദമാം- വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി കേടായ ഭക്ഷ്യവസ്തുക്കൾ പിടികൂടി. നാലു കടകൾ അടപ്പിച്ചു. ദമാം നഈരിയയിൽ പ്രവർത്തിക്കുന്ന വ്യാപാര കേന്ദ്രത്തിൽ നിന്ന് കേടായ 17 ടൺ ഭക്ഷ്യവസ്തുക്കൾ നഗരസഭാധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫ്രീസറുകൾ കാര്യക്ഷമതയോടെ പ്രവർത്തിക്കാത്തതിനാൽ ഐസ് ഉരുകിയ ശേഷം വീണ്ടും ഫ്രീസ് ചെയ്ത് വിൽപനക്ക് സൂക്ഷിച്ച ഫ്രോസൻ ഭക്ഷ്യവസ്തുക്കളാണ് നഗരസഭാധികൃതർ പരിശോധനയ്ക്കിടെ പിടിച്ചെടുത്ത് നശിപ്പിച്ചത്. മോശം രീതിയിൽ സൂക്ഷിച്ചതിനാൽ കേടായ ഭക്ഷ്യവസ്തുക്കൾ നഗരസഭാധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നെന്ന് നഈരിയ ബലദിയ മേധാവി എൻജിനീയർ മുഹമ്മദ് അൽയാമി പറഞ്ഞു.
ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട മറ്റേതാനും നിയമ ലംഘനങ്ങളും സ്ഥാപനത്തിൽ കണ്ടെത്തി. സ്ഥാപനത്തിനെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികൽ സ്വീകരിക്കുമെന്ന് എൻജിനീയർ മുഹമ്മദ് അൽയാമി അറിയിച്ചു. മറ്റൊരു സംഭവത്തിൽ, മക്ക നഗരസഭക്കു കീഴിലെ അൽശൗഖിയ ബലദിയ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ ആരോഗ്യ വ്യവസ്ഥകൾ ലംഘിച്ച നാലു സ്ഥാപനങ്ങൾ അടപ്പിച്ചു. ഉപയോഗശൂന്യമായ 183 കിലോ ഭക്ഷ്യവസ്തുക്കൾ പരിശോധനകൾക്കിടെ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.