തബൂക്ക്- റെഡ്സീ ഇന്റർനാഷണൽ എയർപോർട്ട് അടുത്ത വർഷാദ്യത്തോടെ പൂർത്തിയാകും. എയർപോർട്ട് പ്രവർത്തിപ്പിക്കാൻ ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡബ്ലിൻ (ഡാ) ഇന്റർനാഷണൽ കമ്പനിയുമായി റെഡ്സീ ഡെവലപ്മെന്റ് കമ്പനി കഴിഞ്ഞ ദിവസം 100 കോടി റിയാലിന്റെ കരാർ ഒപ്പു വെച്ചിരുന്നു. അടുത്ത വർഷാദ്യം ആദ്യ സന്ദർശകരെ റെഡ്സീ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിക്കും. കാർബൺ ബഹിർഗമനം പൂജ്യം ആയ മേഖലയിലെ ആദ്യത്തെ വിമാനത്താവളമാകും റെഡ്സീ ഇന്റർനാഷണൽ എയർപോർട്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിമാനത്താവളം പൂർണമായും പുനരുപയോഗ ഊർജത്തിലാണ് പ്രവർത്തിക്കുക. അന്താരാഷ്ട്ര എൻജിനീയറിംഗ് കൺസൾട്ടൻസി കമ്പനിയായ ഫോസ്റ്റർ ആന്റ് പാർട്ണേഴ്സ് ആണ് റെഡ്സീ ഇന്റർനാഷണൽ എയർപോർട്ട് രൂപകൽപന ചെയ്തത്. അടുത്ത വർഷാദ്യം സന്ദർശകരെ സ്വീരിക്കുന്ന നിലയിൽ പദ്ധതിയിട്ട സമയക്രമം അനുസരിച്ച് വിമാനത്താവളത്തിന്റെ നിർമാണ ജോലികൾ പുരോഗമിക്കുകയാണ്.
2030 ഓടെ മണിക്കൂറിൽ പരമാവധി 900 യാത്രക്കാരെ വീതം പ്രതിവർഷം 10 ലക്ഷം ടൂറിസ്റ്റുകളെ സ്വീകരിക്കാൻ കഴിയുന്ന ശേഷിയിലാണ് എയർപോർട്ട് നിർമിക്കുന്നത്. വിമാനത്താവളത്തിലെ 3.7 കിലോമീറ്റർ നീളമുള്ള പ്രധാന റൺവേയിൽ അടുത്തിടെ സാങ്കേതിക പരീക്ഷണങ്ങൾ നടത്തിയിരുന്നു. കരയിലും സമുദ്രത്തിലും ഒരുപോലെ ലാന്റ് ചെയ്യാനും പറന്നുയരാനും സാധിക്കുന്ന തരം വിമാനങ്ങൾക്കുള്ള റൺവേ അടങ്ങിയ മേഖലയിലെ ആദ്യത്തെ എയർപോർട്ടാണിത്.
ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വ്യത്യസ്ത ഇനം ജല വിമാനങ്ങൾ റെഡ്സീ പദ്ധതി പ്രദേശത്ത് സർവീസ് നടത്തും. ഇലക്ട്രിക് ഹൈഡ്രജൻ വിമാന നിർമാണ കമ്പനിയായ സീറോ ഏവിയ ആണ് ഇത്തരത്തിൽ പെട്ട വിമാനങ്ങൾ ലഭ്യമാക്കുക. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്റ് ലാന്റിംഗ് ടെക്നോളജി (ഇവിറ്റോൾ), ഷോർട്ട് ടേക്ക്-ഓഫ് ആന്റ് ലാന്റിംഗ് ഇലക്ട്രിക് എയർക്രാഫ്റ്റ് ടെക്നോളജി (ഇസ്റ്റോൾ) എന്നിവയും റെഡ്സീ ഇന്റർനാഷണൽ എയർപോർട്ടിൽ പ്രയോജനപ്പെടുത്തും.