തബൂക്ക് – സൗദിയിൽ വെള്ളത്തിനു മുകളിലൂടെയുള്ള ഏറ്റവും വലിയ പാലമായ ശൂറാ പാലം ഉദ്ഘാടനം ചെയ്തതായി റെഡ്സീ ഡെവലപ്മെന്റ് കമ്പനി അറിയിച്ചു. ചെങ്കടൽ പദ്ധതിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ശൂറാ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 3.3 കിലോമീറ്റർ നീളമുണ്ട്.
ശൂറാ ദ്വീപിൽ പതിനാറു ഹോട്ടലുകൾ നിർമിക്കാനാണ് പദ്ധതി. ഇതിൽ 11 ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും മറ്റു പാർപ്പിട കേന്ദ്രങ്ങളുടെയും നിർമാണം പുരോഗമിക്കുകയാണ്. ഇത് വേഗത്തിലാക്കാൻ പുതിയ പാലം സഹായിക്കും.
ഇലക്ട്രിക് കാറുകൾക്കും സൈക്കിളുകൾക്കുമുള്ള പ്രത്യേക ട്രാക്കുകളും കാൽനട യാത്രക്കാർക്കുള്ള വ്യൂപോയിന്റുകളും അടങ്ങിയ പാലം മനോഹരമായ പ്രകൃതിദൃശ്യങ്ങളിലൂടെ വിനോദ സഞ്ചാര കേന്ദ്രത്തിലെ സന്ദർശകർക്ക് സമ്മാനിക്കുന്ന നവ്യാനുഭവങ്ങളുടെ ഭാഗമായിരിക്കുമെന്ന് റെഡ്സീ ഡെവലപ്മെന്റ് കമ്പനി സി.ഇ.ഒ ജോൺ പഗാനൊ പറഞ്ഞു. ശൂറാ പാലത്തിന്റെ ഉദ്ഘാടനം ഭീമാകാരമായ റിയൽ എസ്റ്റേറ്റ് വികസന പദ്ധതികൾ നടപ്പാക്കാനുള്ള മുഴുവൻ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്കുമുള്ള കഴിവിന്റെ യഥാർഥ തെളിവാണ്. പലതരത്തിലുള്ള ലാന്റ്സ്കേപ്പുകളാൽ പാലം മനോഹരമാക്കും. പ്രദേശത്തെ ജീവജാലങ്ങളുടെ രാത്രി പരിസ്ഥിതി സംരക്ഷിക്കാൻ പാലത്തിൽ പ്രകൃതിദത്തമായ വെളിച്ചം ഉപയോഗിക്കുമെന്നും ജോൺ പഗാനൊ പറഞ്ഞു.
ചെങ്കടലിൽ 92 ദ്വീപുകൾ അടങ്ങിയതാണ് റെഡ്സീ വിനോദ സഞ്ചാര പദ്ധതി. ഇതിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ശൂറാ ദ്വീപ്. ഡോൾഫിന് സദൃശമായ ആകൃതിയും പവിഴപ്പുറ്റുകളുടെ ഭംഗിയും ശൂറാ ദ്വീപിനെ വ്യത്യസ്തമാക്കുന്നു.