മക്ക – ലോക കപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തുന്നവര്‍ക്ക് ഖത്തര്‍ അനുവദിക്കുന്ന ഹയ്യാ കാര്‍ഡ് നേടുന്ന വിശ്വാസികള്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാനും മദീന സിയാറത്ത് നടത്താനും സാധിക്കുമെന്ന് വിദേശ മന്ത്രാലയത്തില്‍ വിസാകാര്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ശമ്മരി പറഞ്ഞു. ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗദി അറേബ്യ സൗജന്യ വിസകള്‍ അനുവദിക്കും. എന്നാല്‍ വിസാ പ്ലാറ്റ്ഫോം വഴി ഇവര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കല്‍ നിര്‍ബന്ധമാണ്.
ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗദി അറേബ്യ അനുവദിക്കുന്ന സൗജന്യ വിസകളില്‍ ലോക കപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നതിനു പത്തു ദിവസം മുമ്പ് നവംബര്‍ 11 മുതല്‍ സൗദിയില്‍ പ്രവേശിക്കാന്‍ സാധിക്കും. ലോക കപ്പ് മത്സരങ്ങളുടെ അവസാന ദിവസമായ ഡിസംബര്‍ 18 വരെ ഇവര്‍ക്ക് സൗദിയില്‍ പ്രവേശിക്കാവുന്നതാണ്. ഹയ്യാ കാര്‍ഡ് നേടി സൗജന്യ സൗദി വിസ ലഭിക്കുന്നവര്‍ സൗദിയില്‍ പ്രവേശിക്കുന്നതിനു മുമ്പായി ഖത്തറില്‍ പ്രവേശിക്കണമെന്ന് വ്യവസ്ഥയില്ല. ഈ വിസ ലഭിക്കുന്നവര്‍ക്ക് സൗദിയില്‍ രണ്ടു മാസം വരെ താമസിക്കാന്‍ കഴിയും. വിസാ കാലാവധി ജനുവരി 11 ന് അവസാനിക്കുമെന്നും ഖാലിദ് അല്‍ശമ്മരി പറഞ്ഞു.