റിയാദ് – ഉക്രൈൻ പ്രദേശങ്ങൾ റഷ്യയിൽ കൂട്ടിച്ചേർത്ത നടപടിയെ അപലപിച്ച് യു.എൻ ജനറൽ അസംബ്ലിയിൽ അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി സൗദി അറേബ്യയും 142 രാജ്യങ്ങളും വോട്ട് രേഖപ്പെടുത്തി.
അന്താരാഷ്ട്ര നിയമത്തോടുള്ള പ്രതിബദ്ധതയാലാണ് റഷ്യയെ അപലപിക്കുന്ന പ്രമേയത്തെ തങ്ങൾ പിന്തുണച്ചതെന്നും റഷ്യ, ഉക്രൈൻ പ്രതിസന്ധിക്ക് ചർച്ചകളിലൂടെ സമാധാനപരമായ പരിഹാരം കാണുന്നതിനെ സൗദി അറേബ്യ പിന്തുണക്കുന്നതായും യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽവാസിൽ പറഞ്ഞു.
സംഘർഷത്തിൽ ഉൾപ്പെട്ട മുഴുവൻ കക്ഷികളുമായും ഗൾഫ് രാജ്യങ്ങൾക്ക് സൗഹൃദ ബന്ധങ്ങളുണ്ടെന്ന് ഗൾഫ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി ഐക്യരാഷ്ട്രസഭയിൽ പറഞ്ഞു. തുടക്കം മുതൽ ഉക്രൈനിലെ സ്ഥിതിഗതികൾ കടുത്ത ആശങ്കയോടെയാണ് ഗൾഫ് രാജ്യങ്ങൾ നോക്കിക്കാണുന്നത്. മുഴുവൻ കക്ഷികളും ആത്മസംയമനം പാലിക്കുകയും സംഘർഷം കൂടുതൽ രൂക്ഷമാകാതെ നോക്കുകയും സമാധാനപരമായ മാർഗങ്ങളിലൂടെ സംഘർഷം പരിഹരിക്കാൻ ശ്രമിക്കുകയും വേണം. മുഴുവൻ കക്ഷികൾക്കും തൃപ്തികരമായ മാർഗത്തിൽ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടരണം. മാനുഷിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ നിഷേധാത്മകമായ പ്രത്യാഘാതങ്ങൾ അകറ്റിനിർത്താൻ പ്രവർത്തിക്കണമെന്നും ഗൾഫ് രാജ്യങ്ങൾക്കു വേണ്ടി സൗദി പ്രതിനിധി ആവശ്യപ്പെട്ടു.
ഉക്രൈൻ പ്രദേശങ്ങൾ റഷ്യയിൽ കൂട്ടിച്ചേർത്തതിനെ അപലപിക്കുന്ന പ്രമേയം ഭൂരിപക്ഷത്തോടെയാണ് യു.എൻ ജനറൽ അസംബ്ലി അംഗീകരിച്ചത്. പ്രമേയത്തിന് അനുകൂലമായി 143 രാജ്യങ്ങൾ വോട്ടു രേഖപ്പെടുത്തി. അമേരിക്ക വലിയ നയതന്ത്ര ശ്രമങ്ങൾ നടത്തിയിട്ടും ചൈനയും ഇന്ത്യയും ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും അടക്കം 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അഞ്ചു രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ബെലാറസ്, ഉത്തര കൊറിയ, റഷ്യ, സിറിയ, നിക്കരാഗ്വെ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്ത് വോട്ടു രേഖപ്പെടുത്തിയത്