ജിദ്ദ- ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ അധ്യാപകർക്ക് ശമ്പള പരിഷ്‌കരണം അനിവാര്യമാണെന്ന് ഇസ്പാഫ്.
പുതിയ അധ്യാപകരെ കണ്ടെത്തുന്നതിനായി ഇന്ത്യയിൽ നടത്തിയ റിക്രൂട്ട്‌മെന്റ് നിലവിലുള്ള ശമ്പള ഘടനയ്ക്ക് അനുസൃതമായാണ് നടത്തിയത്. അതുകൊണ്ട് ഉദ്ദേശിച്ച രൂപത്തിലുള്ള ഒരു റിക്രൂട്ട്‌മെന്റ് ആക്കിമാറ്റാൻ കഴിഞ്ഞിട്ടില്ല. കാരണം, ഇന്ത്യൻ സ്‌കൂളുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് ലഭിക്കുന്ന ശമ്പളത്തോളമോ അതിനടുത്തോ നാട്ടിലെ ശമ്പള ഘടന ആയത് കൊണ്ട് അവരിൽ പലരും വരാൻ താൽപര്യം കാണിക്കുന്നില്ല എന്നത് നമുക്ക് ലഭിക്കുന്ന അധ്യാപകരുടെ ഗുണനിലവാരത്തെ ബാധിക്കുന്നതാണ്.
ആയതുകൊണ്ട് സ്‌കൂൾ കാലങ്ങളായി മരവിപ്പിച്ചു നിർത്തിയിരുന്ന ശമ്പള പരിഷ്‌കരണം വൈകാതെ പ്രാബല്യത്തിൽ വരുത്തണം. മാത്രമല്ല. അത് വിസ ലഭിക്കുന്ന മുറയ്ക്ക് നല്ല അധ്യാപകരെ ലഭിക്കുവാനും ഉള്ളവർക്ക് കൂടുതൽ ഊർജവും ഉന്മേഷവും നൽകി ഉപകാരപ്രദമായ ഉദ്യോഗാർഥികളായി മാറാൻ സാധിച്ചേക്കും എന്ന കാഴ്ചപ്പാടും അധികൃതർക്ക് ഉണ്ട്.
അതുമാത്രമല്ല, കഴിവുറ്റവരും വിദഗ്ധരുമായ അധ്യാപകരെ ആകർഷിക്കാൻ ഭാവിയിൽ സ്‌കൂളിനെ പ്രാപ്തമാക്കും. സ്‌കൂളിന്റെ അധ്യാപന നിലവാരം മൊത്തത്തിൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ശമ്പള പരിഷ്‌കരണം നടപ്പാക്കാനുദ്ദേശിക്കുതെന്ന് അധികൃതർ വ്യക്തമാക്കി. സ്‌കൂൾ അധികാരികളുമായുള്ള രക്ഷിതാക്കളുടെ ഒരു യോഗം സംഘടിപ്പിക്കാൻ ഇസ്പാഫ് ആവശ്യപ്പെട്ടു. കാരണം, സ്‌കൂൾ അധികാരികൾക്കും രക്ഷിതാക്കൾക്കും സ്‌കൂളിലെ അവരുടെ ആശങ്കകളും സംഭവ വികാസങ്ങളും പരസ്പരം അറിയാനും അറിയിക്കാനും കഴിയുന്ന വിധത്തിലുള്ള ഒരു യോഗം ആവശ്യമാണ്. വൈകാതെ തന്നെ അത് സംഘടിപ്പിക്കുമെന്നും അധികൃതർ ഉറപ്പു നൽകി