ഷാർജ: 41–ാമത് അന്താരാഷ്ട്ര പുസ്തകമേളയുടെ ഒരുക്കം പൂർത്തിയായതായി ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) അറിയിച്ചു.
നവംബർ രണ്ടു മുതൽ 13 വരെ ഷാർജ എക്സ്പോ സെന്ററിലാണ്
പുസ്തകമേള നടക്കുക.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയുൾപ്പെടെ 95 രാജ്യങ്ങളിൽ നിന്ന് 2213 പ്രസാധകർ 15 ലക്ഷം തലക്കെട്ടുകളുമായി മേളയിലെ 18,000 മീറ്റർ സ്ഥലത്ത് അണിനിരക്കും. 2022 ലെ ബുക്കർ പ്രൈസ് നേടിയ ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീ, ഇന്ത്യൻ–അമേരിക്കൻ എഴുത്തുകാരൻ ദീപക് ചോപ്ര അടക്കം 125 പ്രമുഖ എഴുത്തുകാരും ചിന്തകരും മറ്റും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു മേളയിൽ പങ്കെടുക്കും. പോപ്പ് ഗായിക ഉഷാ ഉതുപ്പ് ആണ് ഇന്ത്യയിൽ നിന്നെത്തുന്ന പ്രമുഖ കലാകാരി. ഇറ്റലിയാണ് ഇത്തവണത്തെ അതിഥി രാജ്യം.
ഇത്തവണ ഇന്ത്യയിൽ നിന്നു 112 പ്രസാധകർ പങ്കെടുക്കും. ഇതിൽ ഭൂരിഭാഗവും മലയാളത്തിൽ നിന്നാണ്. അറബ് ലോകത്തു നിന്ന് 1298, രാജ്യാന്തര തലത്തിൽ നിന്ന് 915 പ്രസാധകർ പങ്കെടുക്കുമെന്ന് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) ചെയർമാൻ അഹമ്മദ് റക്കാദ് അൽ അംറി പറഞ്ഞു. 339 പ്രസാധകരെ അണിനരത്തുന്ന യുഎഇയാണ് ഏറ്റവും മുന്നിൽ. ഇൗജിപ്ത്–306, ലബനൻ–125, സിറിയ–95, യുകെ–61 എന്നിങ്ങനെയാണ് പങ്കെടുക്കുന്ന മറ്റു പ്രസാധകർ.