മസ്കത്ത്: ഈ വർഷം മൂന്നാംപാദംവരെ രാജ്യത്തെ സ്വദേശി പൗരന്മാരായ 31,354 ആളുകൾക്ക് തൊഴിൽ നൽകിയതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പൊതു-സ്വകാര്യ മേഖലകളിലായാണ് ഇത്രയും ജോലി നൽകിയത്. ഇതിൽ 9,657 പേർ സർക്കാറിലും 13,544 പേർ സ്വകാര്യ മേഖലയിലുമാണ് ജോലി ചെയ്യുന്നത്. 5,460 പേർ പരിശീലനത്തിനും മറ്റുമായി ഗവ. മേഖലയിലും 2,693 പേർ സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വർഷം ലക്ഷ്യമിടുന്ന മൊത്തം തൊഴിലുകളുടെ 90 ശതമാനം നിലവിൽ എത്തിയിട്ടുണ്ട്. 2022ൽ 35,000 തൊഴിലവസരം നൽകാൻ മന്ത്രാലയം ലക്ഷ്യമിടുന്നുണ്ടെന്ന് തൊഴിൽമന്ത്രി ഡോ. മഹാദ് ബിൻ സഈദ് ബിൻ അലി ബാവോയ്ൻ ഈ വർഷമാദ്യം പറഞ്ഞിരുന്നു.
തൊഴിൽ വിപണിയിൽ യുവാക്കളുടെ ക്ഷേമം ഉറപ്പാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
ഈ ലക്ഷ്യത്തിനായി, കഴിഞ്ഞ വർഷം ഒമാനി തൊഴിലാളികളുടെ സേവനം അവസാനിപ്പിക്കുന്നത് പരിഗണിക്കുന്ന നിരവധി സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി ചർച്ച നടത്തി. പുതിയ തൊഴിൽ നിയമം അന്തിമ ഘട്ടത്തിലാണെന്നും മന്ത്രിസഭയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.