വാഷിങ്ടൺ: ഉറ്റ ചങ്ങാതിമാരായ സഊദി അറേബ്യയുമായി അമേരിക്ക ഇടയുന്നുവെന്ന് റിപ്പോർട്ട്. നിലവിലെ ആഗോള പ്രശ്നത്തിൽ അമേരിക്ക സഊദിക്കെതിരെ കടുത്ത നിലപാടിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. എണ്ണയുൽപാദന പ്രശ്നത്തിൽ സഊദി തീരുമാനത്തിനെതിരെ അമേരിക്ക നിലപാട് കടുപ്പിച്ചിട്ടുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സഊദി അറേബ്യയുമായുള്ള ബന്ധത്തിൽ പുനഃപരിശോധന നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയതായാണ് ഇപ്പോൾ പുറത്ത് വരുന്നത്. എണ്ണ ഉൽപാദനം വെട്ടിക്കുറക്കുമെന്ന് ഒപെക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബൈഡൻ ശക്തമായ നിലപാട് കൈകൊണ്ടത്.
സഊദി അറേബ്യയുമായുള്ള ബന്ധത്തിൽ പുനഃപരിശോധന നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചതായി വൈറ്റ്ഹൗസ് സുരക്ഷ വക്താവ് ജോൺ കിർബി പറഞ്ഞു. സഊദിയുടെ നേതൃത്വത്തിലുള്ള എണ്ണ ഉൽപാദക രാജ്യങ്ങളുടെ സഖ്യം ഉൽപാദനം വെട്ടിക്കുറക്കാൻ റഷ്യക്കൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചത്.
നവംബർ മുതൽ പ്രതിദിനം രണ്ട് ദശലക്ഷം ബാരൽ എണ്ണ ഉൽപാദനം കുറക്കാനുള്ള തീരുമാനം അമേരിക്കയെ വീട്ടിലാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ബൈഡന്‍റെ കടുത്ത പ്രതികരണം.
ഒപെക് തീരുമാനത്തിൽ ബൈഡൻ നിരാശനാണെന്നും സഊദി ബന്ധങ്ങളുടെ ഭാവിയെക്കുറിച്ച് കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ അദ്ദേഹം തയാറാണെന്നും കിർബി പറഞ്ഞു. വിഷയം ഉക്രെയ്നിലെ യുദ്ധത്തെ മാത്രമല്ല, അമേരിക്കയുടെ ദേശീയ സുരക്ഷ താൽപര്യങ്ങളുടെ പ്രശ്നമാണെന്നും കിർബി കൂട്ടിച്ചേർത്തു.
ഒപെകിന്‍റെ പ്രഖ്യാപനശേഷം ആയുധ വിൽപന ഉൾപ്പെടെ സഊദി അറേബ്യയുമായുള്ള സഹകരണം മരവിപ്പിക്കണമെന്ന് യു.എസ് സെനറ്റ് വിദേശകാര്യ സമിതിയുടെ ഡെമോക്രാറ്റിക് ചെയർമാൻ ബോബ് മെനെൻഡസ് ആവശ്യപ്പെട്ടു.