റിയാദ്: സൗദി അറേബ്യയിൽ വ്യാപാര സ്ഥാപനങ്ങൾ പ്രഖ്യാപിക്കുന്ന വിലക്കിഴിവുകളും പ്രത്യേക ഓഫറുകളും നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനായി വാണിജ്യ മന്ത്രാലയം പരിശോധന ശക്തമാക്കി. നവംബർ മാസത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 13,954 പരിശോധനകൾ നടത്തിയതായി മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ എല്ലാ മേഖലകളിലുമുള്ള മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, മറ്റ് വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
വ്യാപാര സ്ഥാപനങ്ങൾ പ്രഖ്യാപിക്കുന്ന ഡിസ്കൗണ്ടുകൾക്ക് ആവശ്യമായ അനുമതിയുണ്ടോ, ഓഫറുകൾ യഥാർഥമാണോ, പരസ്യങ്ങളിൽ കാണിക്കുന്ന വിലക്കിഴിവ് ശതമാനം കൃത്യമാണോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്.
വിലക്കിഴിവ് നൽകുന്നതിന് മുമ്പുള്ള വിലയും ശേഷമുള്ള വിലയും ഉപഭോക്താക്കൾക്ക് വ്യക്തമായി കാണാൻ കഴിയുന്ന രീതിയിൽ പ്രദർശിപ്പിക്കുന്നുണ്ടോയെന്നും ഉദ്യോഗസ്ഥർ പരിശോധിച്ചു.
ഉൽപ്പന്നങ്ങളിലെ പ്രൈസ് ടാഗുകളിലോ ഇലക്ട്രോണിക് പ്രൈസ് റീഡറുകളിലോ പഴയ വിലയും പുതിയ വിലയും വ്യക്തമാക്കിയിരിക്കണം.
കൂടാതെ, വാങ്ങിയ സാധനങ്ങൾ മാറ്റിനൽകുന്നതിനും തിരികെ സ്വീകരിക്കുന്നതിനുമുള്ള സ്ഥാപനങ്ങളുടെ നിബന്ധനകൾ ഉപഭോക്താക്കൾക്ക് വ്യക്തമായി അറിയാൻ കഴിയുന്ന രീതിയിൽ പ്രദർശിപ്പിക്കുന്നുണ്ടോയെന്നും പരിശോധനയിൽ വിലയിരുത്തി.
ഡിസ്കൗണ്ടുകൾ യഥാർഥമാണോയെന്ന് ഉപഭോക്താക്കൾക്കും പരിശോധിക്കാം.
വ്യാപാര സ്ഥാപനങ്ങൾ പ്രദർശിപ്പിക്കുന്ന ഔദ്യോഗിക ഡിസ്കൗണ്ട് അനുമതിപത്രത്തിലെ ബാർകോഡ് മൊബൈൽ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്താൽ ഓഫറുകളുടെ വിവരങ്ങൾ പരിശോധിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.
ഇതിലൂടെ ഓഫറിന്റെ തരം, വിലക്കിഴിവ് ശതമാനം, ഓഫർ നിലവിലുള്ള കാലയളവ്, ബന്ധപ്പെട്ട വ്യാപാര സ്ഥാപനത്തിന്റെ വിവരങ്ങൾ എന്നിവ അറിയാൻ സാധിക്കും.
വ്യാജ വിലക്കിഴിവുകളും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ഒഴിവാക്കുന്നതിനായി ഉപഭോക്താക്കൾ ഈ സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വ്യാപാര മേഖലയിലെ സുതാര്യത ഉറപ്പാക്കുന്നതിനുമായി വിലക്കിഴിവുകളും പ്രത്യേക ഓഫറുകളും സംബന്ധിച്ച പരിശോധനകൾ തുടരുകയാണ് സൗദി വാണിജ്യ മന്ത്രാലയം.
