റിയാദ്: സൗദി അറേബ്യയിൽ കലാസൃഷ്ടികൾ, ചരിത്രസ്മാരകങ്ങൾ, മ്യൂസിയങ്ങൾ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായി പുതിയ ഇൻഷുറൻസ് കൺസൾട്ടിങ് സേവനം ആരംഭിച്ചു. സാംസ്കാരിക ആസ്തികൾക്ക് ഉണ്ടാകാവുന്ന അപകടസാധ്യതകൾ തിരിച്ചറിയുന്നതിനും അനുയോജ്യമായ ഇൻഷുറൻസ് പരിരക്ഷ തിരഞ്ഞെടുക്കുന്നതിനും സഹായിക്കുന്നതിനാണ് സൗദി സാംസ്കാരിക മന്ത്രാലയത്തിന്റെ പുതിയ പദ്ധതി.
നവംബർ 24 ചൊവ്വാഴ്ചയാണ് പുതിയ സേവനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വ്യക്തികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം.
കലാസൃഷ്ടികൾ, പുരാതന ശേഖരങ്ങൾ, ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ, മ്യൂസിയങ്ങൾ, പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയ്ക്കാണ് ഇൻഷുറൻസ് സംബന്ധിച്ച പ്രത്യേക മാർഗനിർദേശങ്ങൾ ലഭ്യമാക്കുന്നത്.
ഇത്തരം ആസ്തികൾക്കും പ്രവർത്തനങ്ങൾക്കും ഉണ്ടാകാവുന്ന അപകടസാധ്യതകൾ വിലയിരുത്തുക, സാമ്പത്തിക നഷ്ടങ്ങൾ കുറയ്ക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുക, അനുയോജ്യമായ ഇൻഷുറൻസ് സംവിധാനങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുക എന്നിവയാണ് സേവനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
സാംസ്കാരിക ആസ്തികളുടെ ദീർഘകാല സംരക്ഷണം ഉറപ്പാക്കുന്നതിനും ഇൻഷുറൻസ് സംബന്ധിച്ച അവബോധം വർധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സൗദി വിഷൻ 2030 പദ്ധതിയുടെയും ദേശീയ സാംസ്കാരിക തന്ത്രത്തിന്റെയും ഭാഗമായി രാജ്യത്തിന്റെ പൈതൃകവും ചരിത്രസമ്പത്തും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സേവനം ആരംഭിച്ചത്.
സേവനം എങ്ങനെ ലഭിക്കും?
സൗദി സാംസ്കാരിക മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ‘Contact Us’ പേജിൽ പ്രവേശിച്ച് ‘Inquiry’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കാം.
സേവനം ലഭിക്കാൻ: https://www.moc.gov.sa/Modules/Pages/SocialChannels
സാംസ്കാരിക മേഖലയിലെ നിക്ഷേപങ്ങളും വിലപ്പെട്ട കലാസൃഷ്ടികളും ചരിത്രപരമായ ആസ്തികളും സംരക്ഷിക്കുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് പുതിയ സേവനത്തിന്റെ ലക്ഷ്യമെന്ന് സൗദി സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
