റിയാദ്: സൗദി അറേബ്യയുടെ 2027ലെ പൊതുബജറ്റ് രാജ്യത്തെ നിക്ഷേപ മേഖലയുടെ വളർച്ചയ്ക്കും സ്വകാര്യ മേഖലയുടെ വികസനത്തിനും കൂടുതൽ കരുത്തേകുമെന്ന് നിക്ഷേപ മന്ത്രി ഫഹദ് അൽ സൈഫ് വ്യക്തമാക്കി. സൗദി വിഷൻ 2030 പദ്ധതിയുടെ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സമ്പദ്വ്യവസ്ഥയെ കൂടുതൽ വൈവിധ്യവൽക്കരിക്കുന്നതിനും ബജറ്റ് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആഗോള സാമ്പത്തിക മാറ്റങ്ങൾക്കും രാഷ്ട്രീയ വെല്ലുവിളികൾക്കുമിടയിലും സൗദി സമ്പദ്വ്യവസ്ഥ സ്ഥിരത നിലനിർത്തുകയും വളർച്ച തുടരുകയും ചെയ്യുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക അടിത്തറ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ടെന്നും സൗദിയിൽ നിലവിലുള്ള ബിസിനസുകൾ തുടരുന്നതിനും പുതിയ നിക്ഷേപങ്ങൾ നടത്തുന്നതിനും ഇത് സഹായിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബജറ്റിലെ ചെലവുകൾക്കും വികസന പദ്ധതികൾക്കും വ്യക്തമായ മുൻഗണന നൽകുന്നത് സ്വകാര്യ കമ്പനികൾക്ക് ഭാവി നിക്ഷേപങ്ങൾ ആസൂത്രണം ചെയ്യാനും ബിസിനസ് പ്രവർത്തനങ്ങൾ വിപുലീകരിക്കാനും അവസരമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രാദേശിക, അന്താരാഷ്ട്ര നിക്ഷേപകർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായും അദ്ദേഹം അറിയിച്ചു.
പുതിയ നിക്ഷേപങ്ങളിലൂടെ സാങ്കേതികവിദ്യയും അറിവും രാജ്യത്തേക്ക് കൊണ്ടുവരുക, പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുക, വിതരണ ശൃംഖലകൾ വികസിപ്പിക്കുക, വിവിധ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
2025ൽ സൗദിയിലേക്കുള്ള വിദേശ നേരിട്ടുള്ള നിക്ഷേപം 33.5 ശതമാനം വർധിച്ച് ഏകദേശം 15,900 കോടി റിയാലിലെത്തി. രാജ്യത്തെ നിക്ഷേപ മേഖലയിലെ വളർച്ച വ്യക്തമാക്കുന്നതാണ് ഈ കണക്കുകളെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, കെട്ടിടങ്ങൾ, യന്ത്രങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ സ്ഥിര ആസ്തികളിലെ മൊത്തം നിക്ഷേപം 1.4 ലക്ഷം കോടി റിയാലിലെത്തി. ഇത് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) 28.4 ശതമാനത്തിന് തുല്യമാണ്.
നിക്ഷേപകർക്ക് കൂടുതൽ അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനായി സാമ്പത്തിക, നിയമ, നിയന്ത്രണ മേഖലകളിൽ പരിഷ്കാരങ്ങൾ നടപ്പാക്കിവരുന്നതായും മന്ത്രി വ്യക്തമാക്കി.
നിക്ഷേപ നടപടികൾ ലളിതമാക്കുക, സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുക, സ്വകാര്യ മേഖലയ്ക്ക് ഉയർന്ന മൂല്യമുള്ള പദ്ധതികളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയ്ക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നത്.
സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വിദേശ നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനും സ്വകാര്യ മേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ ആഗോള മത്സരശേഷി മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് നിക്ഷേപ മന്ത്രി ഫഹദ് അൽ സൈഫ് വ്യക്തമാക്കി.
