റിയാദ്: സൗദി അറേബ്യയിൽ സ്വന്തം സ്പോൺസർഷിപ്പിലുള്ള തൊഴിലാളികളെ മറ്റ് തൊഴിലുടമകൾക്ക് കീഴിലോ സ്വന്തം നിലയിലോ ജോലി ചെയ്യാൻ അനുവദിക്കുന്ന വ്യക്തിഗത തൊഴിലുടമകൾക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇത്തരം നിയമലംഘനങ്ങൾക്ക് പരമാവധി ഒരു ലക്ഷം സൗദി റിയാൽ വരെ പിഴയും ആറുമാസം വരെ തടവും ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ നിയമലംഘനം നടത്തുന്ന തൊഴിലുടമകൾക്ക് അഞ്ച് വർഷം വരെ പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്യും.
സൗദിയിലെ താമസനിയമങ്ങൾ, തൊഴിൽനിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം തൊഴിലുടമകളോടും പൊതുജനങ്ങളോടും ആവശ്യപ്പെട്ടു.
തൊഴിലാളികളെ നിയമവിരുദ്ധമായി മറ്റുള്ളവർക്ക് ജോലി ചെയ്യാൻ അനുവദിക്കുന്നതും സ്വന്തം നിലയിൽ തൊഴിൽ ചെയ്യാൻ അവസരമൊരുക്കുന്നതും ശിക്ഷാർഹമായ നിയമലംഘനമാണെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.
താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചു.
നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള നമ്പറുകൾ:
– 911: മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ
– 999: സൗദിയിലെ മറ്റ് എല്ലാ പ്രദേശങ്ങളും
തൊഴിൽ, താമസ നിയമങ്ങൾ പാലിക്കുന്നതിലൂടെ നിയമനടപടികളും സാമ്പത്തിക പിഴകളും ഒഴിവാക്കാൻ കഴിയുമെന്നും നിയമലംഘനങ്ങൾ തടയുന്നതിനുള്ള നടപടികളിൽ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
