റിയാദ്: കർഷകർക്ക് ആധുനിക കൃഷിരീതികളിൽ പരിശീലനം നൽകുന്നതിനുള്ള പുതിയ പദ്ധതിക്ക് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രി അബ്ദുറഹ്മാൻ അൽ ഫദ്ലി തുടക്കമിട്ടു. സൗദി അഗ്രികൾച്ചർ 2026 പ്രദർശനത്തിന്റെ ആദ്യദിനത്തിലാണ് നാഷനൽ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്റർ ഫോർ സസ്റ്റെയിനബിൾ അഗ്രികൾച്ചർ (എസ്തിദാമ) ചെയർമാൻ കൂടിയായ മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്.
എസ്തിദാമയും സൗദി റീഫ് അക്കാദമിയും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കാർഷിക ഗവേഷണങ്ങളിലൂടെ ലഭിക്കുന്ന അറിവുകൾ പ്രായോഗിക പരിശീലനങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. ജലവും മറ്റ് പ്രകൃതിവിഭവങ്ങളും കാര്യക്ഷമമായി ഉപയോഗിക്കുക, ഉൽപാദനക്ഷമത വർധിപ്പിക്കുക, ആധുനിക കൃഷിസാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്കും പദ്ധതി സഹായകമാകും.
എസ്തിദാമയുടെ ഗവേഷണ കണ്ടെത്തലുകളും ശാസ്ത്രീയ അറിവുകളും അടിസ്ഥാനമാക്കി പരിശീലന ഉള്ളടക്കം തയ്യാറാക്കും. സൗദി റീഫ് അക്കാദമി ഇവ പരിശീലന പാക്കേജുകളാക്കി മാറ്റി വിവിധ മേഖലകളിൽ കർഷകർക്ക് പരിശീലനം നൽകും.
പ്രമുഖ സ്ഥാപനങ്ങളുമായി സഹകരണ കരാറുകൾ
കാർഷിക ഗവേഷണവും സാങ്കേതിക സഹകരണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എസ്തിദാമ വിവിധ സ്ഥാപനങ്ങളുമായി കരാറുകളിലും ഒപ്പുവച്ചു. സാബിക് അഗ്രി-ന്യൂട്രിയന്റ്സ് കമ്പനി, എൻഎസ്ജി ജിയോസ്പേഷ്യൽ സർവീസസ്, സൗദി അറേബ്യൻ മൈനിങ് കമ്പനി (മആദിൻ) എന്നിവയുമായാണ് സഹകരണ കരാറുകൾ ഒപ്പുവച്ചത്. ഖസീം സർവകലാശാലയുമായി ധാരണാപത്രവും ഒപ്പിട്ടു.
പ്രായോഗിക കാർഷിക ഗവേഷണം, ഫീൽഡ് പരീക്ഷണങ്ങൾ, കാർഷിക സാങ്കേതികവിദ്യകളുടെയും ഉൽപന്നങ്ങളുടെയും വികസനം, ജിയോസ്പേഷ്യൽ വിവരങ്ങളുടെയും റിമോട്ട് സെൻസിങ് സാങ്കേതികവിദ്യകളുടെയും ഉപയോഗം എന്നിവയാണ് സഹകരണത്തിന്റെ പ്രധാന മേഖലകൾ. ഗവേഷണ കേന്ദ്രങ്ങളുടെ നിരീക്ഷണം, കർഷകർക്കുള്ള പരിശീലന-വിപുലീകരണ സേവനങ്ങൾ, അറിവുകളുടെയും അനുഭവങ്ങളുടെയും കൈമാറ്റം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ശാസ്ത്രീയ ഗവേഷണങ്ങളെ കൃഷിയിടങ്ങളിൽ പ്രായോഗികമായി നടപ്പാക്കുന്നതിനും ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിനും ഇത്തരം പങ്കാളിത്തങ്ങൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രകൃതിവിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിലൂടെ സുസ്ഥിര കാർഷിക വികസനം കൈവരിക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം.
