റിയാദ്: സൗദി അറേബ്യയിലെ അഞ്ച് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലായി 19 ഹോസ്പിറ്റാലിറ്റി പദ്ധതികൾക്ക് അംഗീകാരം. പദ്ധതികളിലൂടെ 6.7 ബില്യൺ റിയാലിന്റെ നിക്ഷേപവും 17,000ത്തിലധികം തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നതായി ടൂറിസം, നിക്ഷേപ മന്ത്രാലയങ്ങൾ അറിയിച്ചു.
ഹോസ്പിറ്റാലിറ്റി ഇൻവെസ്റ്റ്മെന്റ് എനേബ്ലേഴ്സ് (HIE) പദ്ധതിയുടെ ഭാഗമായി അംഗീകരിച്ച ആദ്യഘട്ട പദ്ധതികളുടെ പ്രഖ്യാപനം റിയാദിൽ നടന്നു. ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ്, നിക്ഷേപ മന്ത്രി ഫഹദ് അൽ സൈഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സ്വകാര്യ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഹോട്ടൽ ഉൾപ്പെടെയുള്ള താമസസൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. അംഗീകാരം ലഭിച്ച പദ്ധതികൾക്ക് പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനുള്ള പ്രത്യേക ആനുകൂല്യങ്ങളും സഹായങ്ങളും ലഭ്യമാക്കും.
3,000ത്തിലധികം ഹോട്ടൽ മുറികൾ
പദ്ധതികൾ പൂർത്തിയാകുന്നതോടെ സൗദിയിലെ വിനോദസഞ്ചാര മേഖലയിലേക്ക് 3,000ത്തിലധികം ഹോട്ടൽ മുറികൾ കൂടി കൂട്ടിച്ചേർക്കും. ഇതിൽ ഏകദേശം 40 ശതമാനം മുറികളും തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലായിരിക്കും.
2030ഓടെ പദ്ധതികൾ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്ക് പ്രതിവർഷം 2.4 ബില്യൺ റിയാലിലധികം നേരിട്ടുള്ള സംഭാവന നൽകുമെന്നാണ് പ്രതീക്ഷ. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും അസംസ്കൃത വസ്തുക്കൾക്കുമുള്ള ആവശ്യം വർധിക്കുന്നതിലൂടെ പ്രാദേശിക സമ്പദ്വ്യവസ്ഥയിലേക്ക് 5.3 ബില്യൺ റിയാലിലധികം സംഭാവനയും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
ഹോട്ടൽ മേഖലയ്ക്ക് പുറമെ ഭക്ഷ്യ-പാനീയ സേവനങ്ങൾ, റീട്ടെയിൽ വ്യാപാരം, വിനോദം, സന്ദർശകർക്കായുള്ള മറ്റ് സേവനങ്ങൾ എന്നിവയിലും പുതിയ പദ്ധതികൾ അവസരങ്ങൾ സൃഷ്ടിക്കും.
2029ഓടെ മുഴുവൻ പദ്ധതികളും പ്രവർത്തനസജ്ജമാകും
ആദ്യ പദ്ധതി 2026 അവസാനത്തോടെ തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്നുള്ള വർഷങ്ങളിൽ മറ്റ് പദ്ധതികളും പ്രവർത്തനം ആരംഭിക്കും. അവസാന പദ്ധതികൾ 2029ഓടെ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ.
എക്സ്പോ 2030, ഫിഫ ലോകകപ്പ് 2034 എന്നിവയുൾപ്പെടെയുള്ള വൻകിട അന്താരാഷ്ട്ര പരിപാടികൾക്ക് മുന്നോടിയായി രാജ്യത്തെ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ വികസിപ്പിക്കാൻ ഈ പദ്ധതികൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സൗദി വിഷൻ 2030ന്റെ ഭാഗമായി സമ്പദ്വ്യവസ്ഥ വൈവിധ്യവൽക്കരിക്കുന്നതിലും ജിഡിപിയിൽ ടൂറിസം മേഖലയുടെ സംഭാവന വർധിപ്പിക്കുന്നതിലും സ്വകാര്യ നിക്ഷേപത്തിന് നിർണായക പങ്കുണ്ടെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി.
