റിയാദ് – വിദേശങ്ങളിൽ നിന്ന് എത്തിക്കുന്ന, കൊറിയർ നിരക്ക് അടക്കം 1,000 റിയാലിൽ കൂടുതൽ വിലയുള്ള വ്യക്തിഗത കൊറിയറുകൾക്ക് ഷിപ്പ്‌മെന്റുകൾക്കനുസരിച്ച് കസ്റ്റംസ് തീരുവ ബാധകമാണെന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു.
ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കനുസരിച്ച് കസ്റ്റംസ് തീരുവ വ്യത്യസ്തമായിരിക്കും. വ്യാജ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് വിലക്കുണ്ട്. സുരക്ഷിതത്വവും ബന്ധപ്പെട്ട വകുപ്പുകൾ അനുശാസിക്കുന്ന ക്ലിയറൻസ് വ്യവസ്ഥകളും പൂർണമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ വിദേശത്തു നിന്ന് എത്തിക്കുന്ന ഉൽപന്നങ്ങൾക്ക് ക്ലിയറൻസ് നൽകുകയുള്ളൂ. ഇറക്കുമതി ചെയ്യുന്ന നിരോധിത ഉൽപന്നങ്ങൾ കണ്ടുകെട്ടി നശിപ്പിക്കുകയും ഇറക്കുമതിക്കാർക്ക് പിഴ ചുമത്തുകയും ചെയ്യും.
വ്യവസ്ഥകൾ പാലിച്ച് വിദേങ്ങളിൽ നിന്ന് സൗദിയിലേക്ക് മൃഗങ്ങളെ ഇറക്കുമതി ചെയ്യാവുന്നതാണ്. ഇതിന് മൃഗങ്ങങ്ങൾക്ക് ജനന സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കുകയും പകർച്ചവ്യാധികളിൽ നിന്ന് മുക്തമാവുകയും വേണം. കൂടാതെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിനു കീഴിലെ അനിമൽ ക്വാറന്റൈൻ വിഭാഗത്തിൽ നിന്ന് അനുമതിയും നേടണം.
എല്ലാതരം ലൈംഗിക ഉപകരണങ്ങളും സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് വിലക്കുണ്ട്. ഇത് മറികടന്ന് ഇറക്കുമതി ചെയ്യുന്ന ലൈംഗിക ഉപകരണങ്ങൾ പിടിച്ചെടുത്ത് ഇറക്കുമതിക്കാർക്ക് പിഴ ചുമത്തും.
പിടികൂടുന്ന ലൈംഗിക ഉപകരണത്തിന്റെ ഇനത്തിനും അളവിനും അനുസരിച്ചാണ് ഇറക്കുമതിക്കാർക്ക് പിഴ ചുമത്തുക.
വിദേശങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവരും സൗദിയിൽ നിന്ന് പുറത്തുപോകുന്നവരും പണവും സ്വർണവും ട്രാവലേഴ്‌സ് ചെക്കുകളും അടക്കം തങ്ങളുടെ പക്കൽ 60,000 റിയാലിൽ കൂടുതൽ തുകയുള്ള പക്ഷം അതേ കുറിച്ച് പ്രത്യേക ഫോറം പൂരിപ്പിച്ച് നൽകി കസ്റ്റംസിനു മുന്നിൽ വെളിപ്പെടുത്തൽ നിർബന്ധമാണെന്നും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു