റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഉയർന്ന വൈദഗ്ധ്യമുള്ള (Highly Skilled) വിദേശ തൊഴിലാളികൾക്ക് അവരുടെ തൊഴിൽ വിസ നടപടികൾ പൂർത്തിയാകുന്ന വേളയിൽത്തന്നെ യോഗ്യരായ കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് അനുമതി നൽകുന്ന പുതിയ ഇളവുകൾ പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം (Ministry of Interior). വിദേശ ജീവനക്കാരുടെയും കുടുംബങ്ങളുടെയും ജീവിതനിലവാരം ഉയർത്തുന്നതിന്റെ (Quality of Life) ഭാഗമായാണ് വിദേശകാര്യ മന്ത്രാലയം, മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ഈ തീരുമാനം കൈക്കൊണ്ടത്.
പുതിയ നിബന്ധനകൾ പ്രകാരം, ആവശ്യമായ യോഗ്യതകളുള്ള തൊഴിലാളികൾക്ക് അവരുടെ ഭാര്യ/ഭർത്താവ്, 25 വയസ്സിന് താഴെയുള്ള ആൺമക്കൾ, വിവാഹിതരല്ലാത്ത പെൺമക്കൾ എന്നിവരെ സൗദി അറേബ്യയിലേക്ക് കൊണ്ടുവരാവുന്നതാണ്.
അപേക്ഷാ നിബന്ധനകൾ പൂർണ്ണമായി പാലിക്കുകയാണെങ്കിൽ, തൊഴിലാളിയുടെ തൊഴിൽ വിസ നടപടികൾ പൂർത്തിയാകുന്ന അതേ സമയത്തുതന്നെ കുടുംബാംഗങ്ങൾക്കുള്ള എൻട്രി വിസകളും (Entry Visas) ഒരുമിച്ച് അനുവദിക്കും. രാജ്യത്ത് എത്തിയ ശേഷം പ്രസക്തമായ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി കുടുംബാംഗങ്ങളുടെ ഇഖാമ (Residence Permit) നടപടികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
