റിയാദ്: മേഖലയിലെ സുരക്ഷാ ഭീഷണി വർധിച്ച സാഹചര്യത്തിൽ സൗദി വ്യോമാതിർത്തിയിലെ നിശ്ചിത ഭാഗങ്ങൾ ഒഴിവാക്കാൻ വിമാന സർവീസ് ഓപ്പറേറ്റർമാർക്ക് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) നിർദേശം നൽകി. ‘കോൺഫ്ലിക്റ്റ് സോൺ ഇൻഫർമേഷൻ ബുള്ളറ്റിൻ’ വഴിയാണ് നിർദേശം പുറപ്പെടുവിച്ചത്.
നവംബർ 16 വരെ പ്രാബല്യത്തിലുള്ള ബുള്ളറ്റിൻ പ്രകാരം, ജിദ്ദ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിലെ (FIR Jeddah) നിർദിഷ്ട മേഖലയിൽ ഏത് ഉയരത്തിലും വിമാനങ്ങൾ പറത്തുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം.
യമനിലെ ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളോട് അടുത്ത സൗദിയുടെ തെക്കൻ, തെക്കുപടിഞ്ഞാറൻ വ്യോമമേഖലകൾക്ക് പ്രത്യേക ഭീഷണിയുണ്ടെന്ന് EASA ചൂണ്ടിക്കാട്ടി. റിയാദ്, തബൂക്ക്, യാൻബു എന്നിവിടങ്ങളെയും സമീപകാല ആക്രമണങ്ങൾ ബാധിച്ചതായി ഏജൻസി വ്യക്തമാക്കി.
മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്നത് സിവിൽ വിമാനങ്ങളെ തെറ്റായി തിരിച്ചറിയാനുള്ള സാധ്യത വർധിപ്പിക്കുന്നതായും വിമാനങ്ങളെ തടയുകയോ തകർക്കുകയോ ചെയ്യാനുള്ള ശ്രമങ്ങളും മിസൈൽ, ഡ്രോൺ അവശിഷ്ടങ്ങൾ പതിക്കുന്നതും വ്യോമയാന സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്നതായും EASA മുന്നറിയിപ്പ് നൽകി.
നിയന്ത്രിത മേഖലയുടെ പുറത്തുള്ള ജിദ്ദ FIR-ലും ജാഗ്രത പാലിക്കാനും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള മുൻകരുതൽ പദ്ധതികൾ തയ്യാറാക്കി നിലനിർത്താനും വിമാന ഓപ്പറേറ്റർമാരോട് ഏജൻസി ആവശ്യപ്പെട്ടു.
അമേരിക്ക–ഇറാൻ സൈനിക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷാ സാഹചര്യം അസ്ഥിരമായി തുടരുന്നതായും ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
