റിയാദ്: തബൂക്കിൽ ഫ്ലൈദുബായ് വിമാനം അടിയന്തരമായി ഇറക്കിയ സംഭവത്തിൽ സൗദി നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി സെന്റർ സുരക്ഷാ അന്വേഷണം ആരംഭിച്ചു. വിമാനത്തിന്റെ അടിയന്തര ലാൻഡിങ്ങുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ പരിശോധിക്കുന്നതിനായി അന്വേഷണ സംഘത്തെ നിയോഗിച്ചതായി കേന്ദ്രം അറിയിച്ചു.
ഫ്ലൈദുബായ് FZ1073 വിമാനത്തിൽ യാത്രയ്ക്കിടെ കോക്പിറ്റിനുള്ളിൽ ജീവനക്കാർ തമ്മിൽ തർക്കമുണ്ടായതായും യുഎഇ അധികൃതർ പ്രത്യേകം അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ യുഎഇ അറ്റോർണി ജനറൽ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സംഘത്തെ നിയോഗിച്ചു.
വിമാനം യുഎഇയിൽ രജിസ്റ്റർ ചെയ്തതായതിനാൽ വിമാനത്തിനുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ, സംഭവം മറ്റൊരു രാജ്യത്തിന്റെ വ്യോമപരിധിയിലായാലും യുഎഇ നിയമം ബാധകമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തതാണോയെന്നും അന്വേഷണം പരിശോധിക്കും.
സെപ്റ്റംബർ 30ന് രാവിലെ 8:44ന് വിമാനത്തിൽ നിന്ന് അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് തബൂക്ക് പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രാവിലെ 9:45ന് വിമാനം സുരക്ഷിതമായി ഇറങ്ങി.
ക്യാപ്റ്റനും സഹപൈലറ്റിനും പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാർക്ക് വിമാനത്താവളത്തിൽ ആവശ്യമായ സഹായം നൽകി. പകരം വിമാനം വൈകിട്ട് 5:40ന് തബൂക്കിൽ നിന്ന് പുറപ്പെട്ടതോടെ യാത്രക്കാർ അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടർന്നു.
