തബൂക്ക്: ദുരന്തസന്ദേശം നൽകിയതിനെ തുടർന്ന് ഫ്ലൈദുബായിയുടെ വിമാനം തബൂക്കിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിന്റെ ക്യാപ്റ്റനും സഹപൈലറ്റിനും പരിക്കേറ്റതായി വിമാനത്താവള അധികൃതർ അറിയിച്ചു.
സെപ്റ്റംബർ 30ന് രാവിലെ 8:44ന് ഫ്ലൈദുബായ് FZ1073 വിമാനത്തിൽ നിന്ന് അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രക്ഷാപ്രവർത്തന സംഘങ്ങളെ സജ്ജമാക്കുകയും ചെയ്തു. രാവിലെ 9:45ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
പരിക്കേറ്റ ക്യാപ്റ്റനെയും സഹപൈലറ്റിനെയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാർക്ക് ടെർമിനലിൽ ആവശ്യമായ സഹായം നൽകി. പകരം വിമാനം ഏർപ്പെടുത്തുന്നതിനായി വിമാനക്കമ്പനിയുമായി അധികൃതർ ഏകോപനം നടത്തി.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
