റിയാദ്: സൗദി അറേബ്യയിൽ ഒട്ടകങ്ങളുടെ വിൽപ്പന, വാങ്ങൽ, വാടക, കൈമാറ്റം എന്നിവ നിയന്ത്രിക്കുന്ന പുതിയ ചട്ടങ്ങൾക്ക് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അംഗീകാരം നൽകി.
ഒട്ടക വ്യാപാര മേഖലയിലെ നടപടികൾ ക്രമീകരിക്കുക, ഉടമകളുടെയും വ്യാപാരികളുടെയും അവകാശങ്ങൾ സംരക്ഷിക്കുക, കന്നുകാലി മേഖലയെ ശക്തിപ്പെടുത്തുക, ഒട്ടകങ്ങളുടെ ക്ഷേമം ഉറപ്പാക്കുക എന്നിവയാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യം.
വിൽപ്പനയും ഉടമസ്ഥാവകാശ കൈമാറ്റവും ഔദ്യോഗികമായി രേഖപ്പെടുത്തണം. ഒട്ടകങ്ങളുടെ ആരോഗ്യസ്ഥിതി, തിരിച്ചറിയൽ വിവരങ്ങൾ, വില, പണമടയ്ക്കൽ രീതി എന്നിവയും രേഖപ്പെടുത്തേണ്ടതുണ്ട്. ആരോഗ്യപരിശോധന, വാക്സിനേഷൻ, ഗതാഗതം, രജിസ്ട്രേഷൻ തുടങ്ങിയ നിബന്ധനകളും പാലിക്കണം.
രോഗലക്ഷണങ്ങളുള്ളതോ സമ്മർദത്തിലായതോ അംഗീകൃത വാക്സിനേഷൻ പൂർത്തിയാക്കാത്തതോ ആയ ഒട്ടകങ്ങളെ ലേലത്തിൽ വിൽക്കുന്നത് അനുവദിക്കില്ല. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഒട്ടകങ്ങളെ കൊണ്ടുപോകുന്നതും നിയമലംഘനമായി കണക്കാക്കും.
ഒട്ടക വിപണികളിലും പ്രദർശനങ്ങളിലും ലേലങ്ങളിലും മൃഗക്ഷേമ മാനദണ്ഡങ്ങൾ പാലിക്കണം. ഒട്ടകങ്ങളെ പ്രകോപിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾക്ക് രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളും കാർഷിക നിയമപ്രകാരമുള്ള പിഴകളും നേരിടേണ്ടിവരും.
